
മോസ്കോ: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നൈജീരിയക്കെതിരെ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന അര്‍ജന്റീനയുടെ നായകന്‍ ലയണല്‍ മെസിക്ക് ഉപദേശവുമായി മുന്‍ ജര്‍മന്‍ നായകന്‍ ലോഥര്‍ മത്തേവൂസ്. ലോകകപ്പില്‍ മെസി മറഡോണയെപ്പോലെ കളിക്കണമെന്നാണ് മത്തേവൂസിന് പറയാനുള്ളത്.
ഇന്നലെ അര്‍ജന്റീനിയന്‍ ആരാധകര്‍ക്കൊപ്പം ട്രെയിനിലാണ് ഞാന്‍ മോസ്കോയില്‍ നിന്ന് സെന്റ് പീറ്റേഴ്സ്‌ബര്‍ഗിലെത്തിയത്. അവര്‍ക്കൊപ്പം അല്‍പം വോഡ്ക നുണഞ്ഞുകൊണ്ടുള്ള യാത്ര രസകരമായിരുന്നു. ഫുട്ബോള്‍ തന്നെയായിരുന്നു സംസാര വിഷയം. അവര്‍ക്ക് മെസി മഹാനായ താരമാണ്. എനിക്കും അങ്ങനെ തന്നെയാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഫഉട്ബോളിലെ ഏറ്റവും മികച്ച കളിക്കാരന്‍.
പക്ഷെ ബാഴ്സലോണക്കുവേണ്ടി കളിക്കുന്ന മെസിയല്ല, അര്‍ജന്റീനക്കുവേണ്ടി കളിക്കുന്നത്. അതുകൊണ്ടുതന്നെ മറഡോണയുമായി മെസിയെ താരതമ്യം ചെയ്യാനാവില്ലെന്ന് അര്‍ജന്റീനിയന്‍ ആരാധകര്‍ പറഞ്ഞു. കാരണം മറഡോണ അവര്‍ക്ക് ലോകകപ്പ് സമ്മാനിച്ച നായകനാണ്.മെസി അത് നേടാത്ത താരവും. അത് ശരിയുമാണ്.
എന്നെ സംബന്ധിച്ചിടത്തോളം മറഡോണ എത്ര നന്നായി കളിച്ചാലും മോശമായി കളിച്ചാലും അയാള്‍ മത്സരത്തില്‍ പൂര്‍ണമായും ഇഴുകിച്ചേരും. എന്നാല്‍ മെസി അങ്ങനെയല്ല. കാര്യങ്ങള്‍ തന്റെ വഴിക്കല്ലെങ്കില്‍ അദ്ദേഹത്തെ പിന്നെ അധികം കാണാനാവില്ല. മറഡോണ ശരിക്കും ക്യാപ്റ്റനായിരുന്നു. അത് ക്യാപ്റ്റന്റെ ആം ബാന്‍ഡ് ധരിക്കാത്തപ്പോഴും അയാള്‍ ശരിക്കും നായകനായിരുന്നു.
മെസിയിലും മറഡോണയിലും ഞാന്‍ ഒരുപാട് സാമ്യതകള്‍ കാണുന്നുണ്ട്. ഉയരം, വേഗം, പന്തടക്കം, ഡ്രിബ്ലിംഗ് എന്നിവയിലെല്ലാം അവര്‍ ഒരുപോലെയാണ്. എന്നാല്‍ വൈകാരികമായി നോക്കുകയാണെങ്കില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്നവരും. മറഡോണ മത്സരത്തിനാകെ ഊര്‍ജ്ജം പകരുന്ന കളിക്കാരനാണ്. നന്നായി കളിക്കുന്നില്ലെങ്കില്‍ പോലും കളി നിയന്ത്രിക്കാന്‍ കഴിവുള്ളവന്‍. പക്ഷെ മസിയില്‍ എനിക്കത് കാണാനാവുന്നില്ല.
ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ അവസാന 20 മിനിട്ട് മെസിയെ കണ്ടിട്ടേയില്ല. അദ്ദേഹം ഡ്രസ്സിംഗ് റൂമിലാണോ എന്നുപോലും സംശയിച്ചുപോയി. അവര്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ തിളങ്ങാന്‍ അദ്ദേഹം കൈവിട്ടു. കാര്യങ്ങള്‍ വിചാരിച്ചപോലെ പോയില്ലെങ്കില്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ മെസിക്കാവുന്നില്ല. തലതാഴ്ത്തി നിരാശനായി മെസിയെ ആണ് കാണാനാകുക.
ടീമിന്റെ ഓരോ നീക്കങ്ങളും ഓരോ പാസുകളും മെസിയിലൂടെയാവണമെന്ന് അവര്‍കരുതുന്നു. ഇത് മെസിയില്‍ കൂടുതല്‍ സമ്മര്‍ദ്ദമേറ്റുന്നുണ്ട്. മെസിയുടെ ചുമലിലുള്ള ഭാരം പങ്കുവെക്കാന്‍ അര്‍ജന്റീനക്ക് ഒരു സുവാരസോ റാക്കിട്ടിച്ചോ ഇനിയേസ്റ്റയോ ഇല്ലല്ലോ. മെസിക്ക് ഇഷ്ടമുള്ള കളിക്കാരെ മാത്രം വെച്ചാണ് കോച്ച് ജോര്‍ജ് സാംപോളി ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
നൈജീരിയക്കെതിരെ മെസിക്ക് പലതും തെളിയിക്കാനുണ്ട്. ബാഴ്സലോണയിലെ മെസിയെ ക്രൊയേഷ്യക്കെതിരെ കണ്ടില്ല. നൈജീരിയക്കെതിരെ ശരിയായ ശരീരഭാഷയല്ല അദ്ദേഹം പുറത്തെടുക്കുന്നതെങ്കില്‍ നൈജീരിയ ആര്‍ജന്റീനയെ മറികടക്കും. ഊര്‍ജ്ജസ്വലനായി മെസി ഗ്രൗണ്ടിലിറങ്ങിയാല്‍ അര്‍ജന്റീന ജയിച്ചുകയറും-മത്തേവൂസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam