
ലക്നൗ: ഉത്തര്‍പ്രദേശിൽ പെൺകുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവാവ് സൈഫൈ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
ഉത്തർപ്രദേശിലെ ഈറ്റയിലാണ് സംഭവം. രണ്ട് ദിവസം മുമ്പാണ് 22 കാരനായ നരേന്ദ്ര ഷാഖ്യയേയും കാമുകിയേയും കാണാതായത്. വിവരം അറിഞ്ഞതോടെ നരാന്ദ്രയെ പെൺകുട്ടിയുടെ വീട്ടുകാർ ടെലിഫോണിൽ ബന്ധപ്പെട്ടു. രണ്ടു പേരും തിരിച്ചുവന്നാൽ വിവാഹം ഉറപ്പിക്കാമെന്ന് വാഗ്ദാനവും നൽകി.
ഇക്കാര്യം സംസാരിക്കാൻ ഇന്നലെ വൈകീട്ട് നരേന്ദ്ര പെൺകുട്ടിയുടെ വീട്ടിലേക്ക് ചെന്നു. യുവാവ് തനിച്ചായിരുന്നു ചർച്ചയ്ക്ക് പോയത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടിലെന്നും ഉടൻ തിരിച്ച് വീട്ടിലെത്തിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.
വിവാഹക്കാര്യത്തിൽ ഉറപ്പുകിട്ടാതെ തിരികെ കൊണ്ടുവരില്ലെന്ന് യുവാവും നിലപാടെടുത്തു. ഇതോടെ, യുവാവിനെ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും ചേർന്ന് മർദ്ദിച്ച് അവശനാക്കി മുറിയിൽ പൂട്ടിയിട്ടു.
മർദ്ദനം തുടർന്നിട്ടും പെൺകുട്ടി എവിടെയെന്ന് വെളിപ്പെടുത്താൻ നരേന്ദ്ര തയ്യാറായില്ല. പ്രകോപിതനായ അക്രമികൾ യുവാവിനെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. വീട്ടിൽ നിന്ന് യുവാവിന്റെ കരച്ചിൽകേട്ട നാട്ടുകാരാണ് പൊലീസിൽ അറിയിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനേയും അമ്മാവനേയും പൊലീസ് അറസ്റ്റ് ചെയ്തു. അതേ സമയം, ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നതിനാൽ നരേന്ദ്രയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam