പ്രണയിനികള്‍ ഒളിച്ചോടി; കാമുകന്റെ സഹോദരനെ കാമുകിയുടെ സഹോദരന്‍ തട്ടിക്കൊണ്ടുപോയി

By web deskFirst Published Mar 13, 2018, 5:44 PM IST
Highlights

സഹോദരി കാമുകന്റെ കൂടെ പോയി; കാമുകന്റെ സഹോദരനെ കാമുകിയുടെ സഹോദരന്‍ തട്ടിക്കൊണ്ടുപോയി 

  • ജിജോയുടെ സഹോദരനായ ജിസ് ജോസഫിനെ ചാമക്കാലില്‍ വെച്ച് ബൊലേറോ കാറില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം രാത്രി 8.30 മണിയോടെ തട്ടിക്കൊണ്ടുപോയത്.

കാസര്‍കോട്:   കാമുകനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാമുകന്റെ സഹോദരനെ തട്ടിക്കൊണ്ടുപോയി. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് വെള്ളരിക്കുണ്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരപ്പ കനകപ്പള്ളിയിലെ വിദ്യാര്‍ത്ഥിനിയായ സോന തോമസ് (19) വെള്ളരിക്കുണ്ടിലെ ഓട്ടോ ഡ്രൈവര്‍ ജിജോ ജോസഫിനൊപ്പം ഒളിച്ചോടിയതില്‍ പ്രകോപിതരായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഓട്ടോഡ്രൈവറുടെ സഹോദരനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 

സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതൃസഹോദരന്റെ മകനായ കനകപ്പള്ളിയിലെ ബിജു (35),  ഇയാളുടെ  സുഹൃത്തുക്കളായ ചുള്ളിയിലെ സനോജ് (37),  ഷൈന്‍ ജോര്‍ജ് (36),  ഡ്രൈവര്‍ വിനീഷ് (30) എന്നിവരെയാണ് വെള്ളരിക്കുണ്ട് സി.ഐ. എം.സുനില്‍ കുമാര്‍ അറസ്റ്റു ചെയ്തത്. തട്ടിക്കൊണ്ടുപോയ ഓട്ടോഡ്രൈവറുടെ സഹോദരനെ പോലീസ്, കര്‍ണ്ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.  പ്രതികള്‍ റിമാന്റിലാണ് . സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 
 
കനകപ്പള്ളിയിലെ ചാമകാലയില്‍ തോമസിന്റെ മകള്‍ സോന തോമസ്  (18),   ഓട്ടോ  ഡ്രൈവറായ ജിജോയുടെ കൂടെ തിങ്കളാഴ്ച രാവിലെയാണ് പോയത്. വൈകിട്ടും പെണ്‍കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി ജിജോയ്ക്കൊപ്പം പോയതായി കണ്ടെത്തി. ഇതുസംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ, ജിജോയുടെ സഹോദരനായ ജിസ് ജോസഫിനെ ചാമക്കാലില്‍ വെച്ച് ബൊലേറോ കാറില്‍ പിന്തുടര്‍ന്നെത്തിയ നാലംഗ സംഘം രാത്രി 8.30 മണിയോടെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെയും ജിജോയും താമസിക്കാന്‍ സാദ്ധ്യതയുള്ള സ്ഥലം കാട്ടികൊടുക്കാനാണ് സംഘം ജിസ് ജോസിനെ തട്ടികൊണ്ടു പോയത്. 
 
ഇത് സംബന്ധിച്ച് ജിസ് ജോസഫിന്റെ ബന്ധുക്കളുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും എസ്.ഐ. ടി.കെ.മുകുന്ദന്‍, ബിജുവിന്റെ സുഹൃത്തുക്കളായ സനോജിനെയും ഷൈന്‍ ജോര്‍ജിനെയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. ഇവരില്‍ നിന്നാണ് ജിസ് ജോസഫ് കര്‍ണ്ണാടക ബോര്‍ഡറായ പാണത്തൂരിലെ ഒരു രഹസ്യ താവളത്തിലുള്ളതായി വിവരം ലഭിച്ചത്. തുടര്‍ന്ന് രാജപുരം പോലീസിന്റെ സഹായത്തോടെ ജിസ് ജോസഫിനെ മോചിപ്പിക്കുകയും ബിജുവിനെയും വിനീഷിനെയും അറസ്‌റു ചെയ്യുകയുമായിരുന്നു. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സംഘത്തെ പോലീസ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കെഎല്‍ 14 എല്‍ 1999 നമ്പര്‍ ബൊലേറോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

click me!