മോദി പ്രധാനമന്ത്രിയായപ്പോള്‍ സന്തോഷം തോന്നി-എം. മുകുന്ദന്‍

By Web TeamFirst Published Dec 14, 2018, 2:46 PM IST
Highlights

ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന മുകുന്ദന്‍ വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു.

തിരുവനന്തപുരം: നരേന്ദ്ര മോദി ഭരണത്തില്‍ വന്നപ്പോള്‍ തുടക്കത്തില്‍ സന്തോഷിച്ചിരുന്നുവെന്ന് ഇടതുപക്ഷ സഹയാത്രികനായ പ്രമുഖ എഴുത്തുകാരന്‍ എം. മുകുന്ദന്‍. അഞ്ചു കൊല്ലം എനിക്കു തരൂ, ഞാന്‍ പ്രോഗസ് റിപ്പോര്‍ട്ട് കാര്‍ഡ് തരാം എന്നൊക്കെ മോദി പറഞ്ഞപ്പോള്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നുവെന്നും 'സമകാലിക മലയാളം' വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 

ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന മുകുന്ദന്‍ വി.എസ്.അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള സാഹിത്യ അക്കാദമി അധ്യക്ഷനായിരുന്നു. അതിനിടെ, പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ 'കാലഹരണപ്പെട്ട പുണ്യാളനാണ് വിഎസ് അച്യുതാനന്ദന്‍ എന്ന പരാമര്‍ശം വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് മുകുന്ദന്‍ രാജിവെയ്ക്കുകയും പകരം പുരോഗമന കലാ സാഹിത്യ സംഘവുമായി അടുപ്പമുള്ള പി വല്‍സല അധ്യക്ഷയാവുകയും ചെയ്തു. അതിനു ശേഷം വല്‍സല സി പി എമ്മുമായി അകലുകയും സംഘപരിവാര്‍ ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് മുകുന്ദന്‍ മോദിയിലുള്ള പ്രതീക്ഷകള്‍ പങ്കുവെച്ച് രംഗത്തുവന്നത്. 

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങള്‍ക്കിടെ, വിഎസിന്റെ നിലപാടിനെ വിമര്‍ശിച്ച് മുകുന്ദന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ദിനോസറുകളുടെ കാലം എന്ന കഥയും വിവാദമായിരുന്നു. സിപി എമ്മില്‍ വിഭാഗീയത കത്തിനില്‍ക്കുന്ന സമയത്ത് മുകുന്ദന്‍ പിണറായി വിജയന് അനുകൂലമായി പരസ്യ നിലപാട് എടുത്തിരുന്നു. 

'അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ അറിയാതെ ഉള്ളിലൊരു ചെറിയ സന്തോഷമുണ്ടായി. കാരണം അതിനു മുമ്പുള്ള ഭരണം അഴിമതിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. അടിസ്ഥാന പരമായി ഞാന്‍ ബി.ജെപിയെ പിന്തുണയ്ക്കുന്ന ആളല്ല. പക്ഷേ, അദ്ദേഹത്തിന്റെ ആ വരവ് കണ്ടപ്പോള്‍ ചില മാറ്റങ്ങള്‍ സാധിക്കും എന്നുതോന്നി. അഞ്ചു കൊല്ലം എനിക്കു തരൂ, ഞാന്‍ പ്രോഗസ് റിപ്പോര്‍ട്ട് കാര്‍ഡ് തരാം എന്നൊക്കെ പറഞ്ഞപ്പോള്‍ വലിയ പ്രതീക്ഷയുണ്ടായി. പക്ഷേ, പിന്നീടുണ്ടായ ഓരോ സംഭവങ്ങളും നിരാശയുണ്ടാക്കുകയാണ് ചെയ്തത്'-പി എസ് റംഷാദിനു നല്‍കിയ അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു.  

'മോദിയുടെ ഭരണം ഇന്ത്യക്ക് ആപത്തുവരുത്തുന്ന ഒന്നാണ്. ഇനിവരുന്ന തെരഞ്ഞെടുപ്പില്‍ എല്ലാ കക്ഷികളും കൈകോര്‍ത്തുകൊണ്ട് ബിജെപിയെ ഭരണത്തില്‍ നിന്നും പുറത്താക്കണം. മായാവതിയെപ്പോലുള്ളവരെ കൂടെ നിര്‍ത്താന്‍ പ്രയാസമാകും. എന്നാലും ചെയ്യണം. എങ്ങനെയും ഭരണമാറ്റം വന്നശേഷം പിന്നീട് വേണ്ടപോലെ ആലോചിച്ച് കാര്യങ്ങള്‍ക്ക് നീക്കുപോക്കുണ്ടാക്കാം.'- അദ്ദേഹം പറഞ്ഞു.

'അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ അവിടത്തെ ഭരണാധികാരികളെ എത്ര കടന്നും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഉദാഹരണത്തിന്. അമേരിക്കയില്‍ junot dias എന്നൊരു എഴുത്തുകാരനുണ്ട്. ഞാന്‍ യു എസില്‍ പോയ സമയത്ത് അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കാന്‍ പോയിരുന്നു. തുടങ്ങി രണ്ടുമിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം 'ഞാന്‍ ഒബാമയെ വെറുക്കുന്നു.. അദ്ദേഹം ഒരിക്കലും സംസ്‌കാരം എന്ന വാക്ക് ഉപയോഗിക്കുന്നില്ല..' എന്ന് പറഞ്ഞു. ഈയൊരൊറ്റക്കാരണം കൊണ്ടാണ് വിമര്‍ശനം. ഇവിടെയൊക്കെ മോദിയെപ്പറ്റിയെങ്ങാനും ഇതുപോലെ വല്ലതും പറഞ്ഞാല്‍ പിന്നെ എന്തുണ്ടാവും എന്നോര്‍ക്കണം.. അമേരിക്കയില്‍, അമേരിക്കയെ നിശിതമായി വിമര്‍ശിക്കുന്ന നോം ചോംസ്‌കിയൊക്കെ സുഖമായി ജീവിക്കുന്നു. ഇവിടെ സാധിക്കില്ല. മോദിയെ വിമര്‍ശിച്ചുകൊണ്ടിരുന്നാല്‍ പിന്നെ നമ്മുടെ നാട്ടില്‍ ജീവനോടെ കണ്ടെന്നുവരില്ല. അവിടെ വിമര്‍ശിക്കുന്നവരും സുരക്ഷിതരാണ്.. നമ്മുടെ നാട്ടില്‍ ആ സുരക്ഷ ഇപ്പോള്‍ എന്തായാലും ഇല്ല..'-അഭിമുഖത്തില്‍ മുകുന്ദന്‍ തുടരുന്നു. 

'മോദി ഇടക്കിടക്ക്  പറയാറുണ്ട് താനൊരു ചായ വില്പനക്കാരനാണെന്ന്. പലരും അതിനെ ഒരു ക്രെഡിറ്റായിട്ടാണ് കാണുന്നത്. എന്നാല്‍ ഞാനൊരു പ്രൊഫസറാണ്, സാമ്പത്തിക ശാസ്ത്രം അറിയുന്ന ആളാണ് എന്നൊക്കെ പറയുന്നതായിരിക്കുണം ക്രെഡിറ്റ്. ലോകം സങ്കീര്‍ണ്ണമാണ്. അതിനെ മനസ്സിലാക്കാന്‍ നല്ല വിദ്യാഭ്യാസവും വേണം. അല്ലാത്തവര്‍ക്ക് നല്ല ഭരണാധികാരികളാവാന്‍ പറ്റില്ല. പഴയകാലത്ത് ശരിയായിരുന്നു. പ്രശ്‌നങ്ങള്‍ ലളിതമായിരുന്നു. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചാല്‍ മതിയായിരുന്നു. അതിന്റെയൊക്കെ കാലം കഴിഞ്ഞു. ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ നിങ്ങളെന്നെ ചിലപ്പോള്‍ സാമ്രാജ്യത്വത്തിന്റെ വക്താവ് എന്നൊക്കെ വിളിച്ചേക്കാം. എന്നാലും, സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ പ്രയാണങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവുള്ളയാളല്ല, നമ്മുടെ ഭരണാധികാരി എങ്കില്‍ നമ്മള്‍ക്ക് നിലനില്‍ക്കാനാവില്ല'-അദ്ദേഹം പറഞ്ഞു. 

click me!