എം ടി രമേശിന് കുഴല്‍പ്പണ ബന്ധം; കുമ്മനത്തിന്‍റെ പേഴ്സണല്‍ സെക്രട്ടറിയും അഴിമതിയില്‍; ഞെട്ടലോടെ അണികള്‍

By Web DeskFirst Published Jul 20, 2017, 10:44 AM IST
Highlights

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പിടിച്ചുലച്ച നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതിയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കുഴല്‍പ്പണം ഉള്‍പ്പെടെയുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളില്‍ ബിജെപി സംസ്ഥാന നേതാക്കളുടെ ബന്ധങ്ങളിലേക്കാണ് റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നത്.  അഴിമതിപ്പണം കുഴല്‍പ്പണമായി ദില്ലിയിലെ ഇടനിലക്കാരന് കൈമാറിയത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് വഴിയാണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന വസ്‍തുത.  ഒപ്പം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേഴ്‌സണല്‍ സെക്രട്ടറിയായ രാകേഷ് ശിവരാമനും മെഡിക്കല്‍കോളേജ് അഴിമതിയില്‍ ബന്ധമുണ്ടെന്ന വിവരവും പ്രധാനമന്ത്രിയോട് അടുത്ത ആളെന്ന് പ്രചരിപ്പിച്ചാണ് കോടികള്‍ വാങ്ങിയതെന്ന വിവരവും ബിജെപി അണികളെ അങ്കലാപ്പിലാക്കുന്നു.

അതേസമയം എംടി രമേശിനെ കണ്ടിരുന്നുവെന്ന് ചെർപ്പുളശ്ശേരി മെഡിക്കല്‍ കോളേജ് ഉടമ  ഡോ നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍ ഷാജിയാണ് ചെര്‍പ്പുളശ്ശേരിയില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി കോടികള്‍ ബിജെപി നേതാക്കള്‍ക്ക് കൊടുത്തത്. ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദ് വഴിയാണ് അഴിമതി നടന്നത്. മെഡിക്കല്‍ കോളേജിനായി പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായി ബിജെപി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2017 മെയ് 19ന് ആര്‍ ഷാജി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിജെപി അന്വേഷണ കമ്മീഷനെ വെച്ചത്.

എസ്ആര്‍ മെഡിക്കല്‍ കോളേജ് ഉടമ ആര്‍. ഷാജിയില്‍ നിന്ന് അഞ്ച് കോടി 60 ലക്ഷം കൈപ്പറ്റി. ഇക്കാര്യം അന്വേഷണ കമ്മീഷനോട് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. മുഴുവന്‍ തുകയും പണമായി ആര്‍.എസ്. വിനോദ് നേരിട്ട് വാങ്ങിയതായാണ് റിപ്പോട്ട്. ആര്‍.ഷാജിയുടെ സൈല്‍ ടാക്‌സ് കണ്‍സല്‍ട്ടന്റും വക്കീലുമായ വിനോദില്‍  നിന്നുമാണ് ആര്‍.എസ് വിനോദ് പണം കൈപറ്റിയത്.  

തുടര്‍ന്ന് പണം കൈമാറിയത് ദില്ലിയിലുളള സതീഷ് നായര്‍ക്കാണ്. കുഴല്‍പ്പണമായാണ് പണം എത്തിച്ചു കൊടുത്തുതെന്ന് വിനോദ് സമ്മതിക്കുന്നു. പ്രധാനമന്ത്രിയോട് അടുത്ത ആളെന്ന് പ്രചരിപ്പിച്ചാണ് സതീഷ് നായര്‍ മെഡിക്കല്‍ കോളേജിന് വേണ്ടി കോടികള്‍ വാങ്ങിയതെന്നും ശ്രദ്ധേയമായ വസ്‍തുതയാണ്.

റിച്ചാഡ് ഹേ എംപിയുടെ ഓഫീസില്‍ നേരിട്ടെത്തിയാണ് ആര്‍. ഷാജി ബിജെപി നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഇക്കാര്യം സ്ഥിരീകരിച്ച് എംപിയുടെ  പേഴ്‌സണല്‍ സെക്രട്ടറി  പി.കണ്ണദാസിന്റെ മൊഴിയും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

 

 

click me!