കാര്‍ട്ടൂണ്‍ പിന്‍വലിച്ച് ജന്മഭൂമി മാപ്പ് പറയണം: എംഎ ബേബി

By Web TeamFirst Published Dec 24, 2018, 7:35 PM IST
Highlights

ആർ എസ് എസുകാരിൽ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാർട്ടൂൺ പുറത്തു വലിച്ചിട്ടത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ബി ജെ പി മുഖപത്രമായ ജന്മഭൂമിയില്‍ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എംഎ ബേബി രംഗത്ത്. ആർ എസ് എസുകാരിൽ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാർട്ടൂൺ പുറത്തു വലിച്ചിട്ടതെന്നു പറഞ്ഞ ബേബി ജന്മഭൂമി മാപ്പ് പറഞ്ഞ് കാര്‍ട്ടൂണ്‍ പിന്‍വലിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ബേബിയുടെ കുറിപ്പ്

കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ജാതി പറഞ്ഞാക്ഷേപിച്ച ജന്മഭൂമി പത്രം മാപ്പു പറഞ്ഞ് കാർട്ടൂൺ പിൻവലിക്കണം.

ആർ എസ് എസ് പ്രസിദ്ധീകരണമായ പത്രമാണ് ജന്മഭൂമി. കേരളത്തിലെ ആർ എസ് എസുകാരിൽ ഇന്നും തുടരുന്ന ജാതിമേധാവിത്വബോധമാണ് ഈ കാർട്ടൂൺ പുറത്തു വലിച്ചിട്ടത്. നമ്മുടെ സമൂഹത്തിൻറെ നവോത്ഥാന പാരമ്പര്യത്തിന് എതിര് നില്ക്കുന്നതാണ് ആർ എസ് എസ് എന്നത് ഒരിക്കൽ കൂടെ വെളിവാകുകയും ചെയ്തു.

ഒരു നൂറ്റാണ്ടു മുമ്പ് നമ്മൾ നേരിട്ട ജാതിപ്പിശാച് വീണ്ടും ആധിപത്യം സ്ഥാപിക്കാതിരിക്കാൻ ആർ എസ് എസിനെയും അവരുടെ ബിജെപി അടക്കമുള്ള സംഘടനകളെയും എതിർത്തു തോല്പിച്ചേ മതിയാവൂ.

click me!