മധുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

By Web DeskFirst Published Feb 24, 2018, 7:53 PM IST
Highlights

പാലക്കാട്:അട്ടപ്പാടിയില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. അഗളിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നൂറുകണക്കിന് പേരെത്തി. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മധുവിന്‍റെ മൃതദേഹം ശവസംസ്കരിച്ചു.

ഇന്ന് ഉച്ചയ്ക്കാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മധുവിന്‍റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് മധുവിന്‍റെ പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയത്. മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് മുക്കാലിയില്‍ വിവിധ ആദിവാസി സംഘടനകള്‍ തടഞ്ഞു. പിന്നീട് ആംബുലന്‍സ് വഴിതിരിച്ച് വിടുകയായിരുന്നു. മുഴുവന്‍ പ്രതികളെയും പിടികൂടാതെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്. വന്‍ പോലീസ് സംഘത്തിന്‍റെ അകമ്പടിയിലാണ് മൃതദേഹം കൊണ്ടുപോയത്.

വ്യാഴാഴ്ച വൈകിട്ടാണ് ഒരുകൂട്ടം ആളുകള്‍ മധുവിനെ മര്‍ദ്ദിച്ചത്. തുടര്‍ന്ന് അവര്‍ മധുവിനെ പോലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ കുഴഞ്ഞു വീണ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന‍പ് തന്നെ മരണം സംഭവിച്ചിരുന്നു.

അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് മുഴുവന്‍ പ്രതികളും പിടിയിലായി. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് റേഞ്ച് െഎജി. എം ആര്‍ അജിത് കുമാര്‍ അറിയിച്ചു. ഇവരെ അഗളി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. 16 പ്രതികളാണ് ഉള്ളത്. ഇവര്‍ക്കെതിരെ കൊല കുറ്റത്തിന് കേസെടുക്കും

click me!