മധുവിന്റെ കൊലപാതകം; മര്‍ദ്ദനത്തിന്റെ വിശദാംശങ്ങള്‍ പൊലീസിനോട് വിവരിച്ച് പ്രതികള്‍

By Web DeskFirst Published Mar 5, 2018, 4:22 PM IST
Highlights

ഗുഹയ്ക്ക് സമീപത്തുനിന്ന് മധുവിനെ തല്ലുന്നതിന് പ്രതികൾ ഉപയോഗിച്ച വടി കണ്ടെത്തി.

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദ്ദനമേറ്റ് മധു മരിച്ച സംഭവത്തിൽ, അടിക്കാൻ ഉപയോഗിച്ചതായി കരുതുന്ന വടി കണ്ടെത്തി. പ്രതികളുമായി പോലീസ് ഗുഹയ്ക്ക് സമീപം നടത്തിയ തെളിവെടുപ്പിലാണ് ഇത് ലഭിച്ചത്. തണ്ടർ ബോൾട്ടിന്റെ സുരക്ഷയിലായിരുന്നു ഒന്നരമണിക്കൂർ നീണ്ട തെളിവെടുപ്പ് നടന്നത്.

രാവിലെ 6 മണിയോടെ ആണ്  ആണ്ടിയളക്കരയിലെ ഗുഹയിലേക്ക് പ്രതികളെയും കൊണ്ട് തെളിവെടുപ്പിന് പുറപ്പെട്ടത്. ഗുഹയ്ക്ക് സമീപത്തുനിന്ന് മധുവിനെ തല്ലുന്നതിന് പ്രതികൾ ഉപയോഗിച്ച വടി കണ്ടെത്തി. ഒന്നും രണ്ടും പ്രതികളായ മരയ്ക്കാർ, ഷംസുദ്ദീൻ എന്നിവർ ഇത് കാട്ടിക്കൊടുക്കുകയായിരുന്നു. ഫ്രെബ്രുവരി 22ന് ഉണ്ടായ സംഭവങ്ങൾ പ്രതികൾ അന്വേഷണ സംഘത്തിന് മുന്നിൽ വിവരിച്ചു. മധു കാലങ്ങളായി ഇവിടെ താമസിച്ചുവെന്ന് തെളിയിക്കുന്ന നിരവധി സാധനങ്ങൾ ഗുഹയ്ക്ക് സമീപത്ത് പൊലീസ് കണ്ടെത്തി. അടുപ്പ്, പാത്രങ്ങൾ, ഭക്ഷ്യ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഗുഹയിൽ നിന്നും ഒരു കിലോമീറ്റർ അകലെയുളള തേക്ക് മരങ്ങൾ മുറിക്കുന്നതിന് കരാറെടുത്ത സ്വകാര്യ വ്യക്തിയുടെ ഡ്രൈവറാണ് ഒന്നാം പ്രതി മരയ്ക്കാർ. മധുവിന്റെ വാസ സ്ഥലം നാട്ടുകാർക്ക് കാണിച്ചു കൊടുത്തത് മരയ്ക്കാറാണ്. 

മധുവിനെ പിടികൂടി കൈകൾ ബന്ധിച്ചതും തുടർന്ന് മുക്കാലിയിൽ എത്തിച്ചതും പ്രതികൾ വിവരിച്ചു. മുക്കാലിയിൽ കൊണ്ടുവന്നപ്പോൾ മർദ്ദനത്തിനിടെ, മധുവിന്റെ തല കാണിക്ക വ‍ഞ്ചിയിൽ ഇടിച്ചതായും പ്രതികൾ പറ‍ഞ്ഞു. കൈകൾ കെട്ടിയ നിലയിലുളള ചിത്രങ്ങളും സെൽഫിയും ഉബൈദ് പകർത്തിയെന്നും മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയത് അനീഷാണെന്നും പ്രതികൾ വ്യക്തമാക്കി. 11 പ്രതികൾ കസ്റ്റഡിയിലുണ്ടെങ്കിലും ഒന്നും രണ്ടും പ്രതികളെ മാത്രമാണ് പുറത്തിറക്കി തെളിവെടുപ്പ് നടത്തിയത്.
അഗളി ഡി.വൈ.എസ്.പി ടി.കെ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം, മധുവിന് നേരത്തെയും മർദനമേറ്റിട്ടുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചനയുണ്ട്. ഇത് കണക്കിലെടുത്ത് പ്രദേശത്തു വനം വകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിക്കുമെന്നും  പൊലിസ് തീരുമാനിച്ചു.

click me!