അസാധു നോട്ടുകള്‍ കമ്മീഷന്‍ അടിസ്ഥാനത്തില്‍ മാറ്റി നല്‍കുന്ന മാഫിയ സംസ്ഥാനത്ത് സജീവം

By Web DeskFirst Published Nov 24, 2016, 5:07 AM IST
Highlights

ഇടപാടുകാരാണെന്ന വ്യാജേന കള്ളപ്പണ മാഫിയയുമായി നേരിട്ട് സംസാരിച്ചപ്പോഴാണ് ഈ മാഫിയയുടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമായിത്തന്നെ സജീവമായി നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായത്. അസാധുവാക്കപ്പെട്ട നോട്ടുകള്‍ എത്ര കോടി ഉണ്ടെങ്കിലും ഏത് ജില്ലയിലും കമ്മീഷന്‍ അടിസ്ഥാനത്തില്‍ മാറ്റി നല്‍കാമെന്നാണ് സംഘത്തിന്റെ വാഗ്ദാനം. 

50 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിവാങ്ങാനുണ്ടെന്ന ആവശ്യവുമായി ഞങ്ങള്‍ സമീപിച്ചത് കാസര്‍കോഡ് കുമ്പള അരീക്കാടിയിലെ അബ്ദുറഹിമാന്‍ എന്നയാളെയാണ്. നോട്ടുകള്‍ 10 ലക്ഷത്തില്‍ അധികമുണ്ടെങ്കില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്ഥലത്തുനിന്നും പോയി കൊണ്ടുവരാനുള്ള സമയം മാത്രം നല്‍കിയാല്‍ മതിയെന്ന് അബ്ദുറഹിമാന്‍ ഞങ്ങളോട് പറഞ്ഞു. രണ്ടായിരം രൂപയുടെ നേട്ട് നല്‍കാമെന്നും പഴയ നോട്ടുമായി സ്ഥലത്തെത്തിയിട്ട് വിളിച്ചാല്‍ മതി താന്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ നമ്പറൊന്നും കൊടുക്കില്ല. പത്ത് ലക്ഷം ഉണ്ടെങ്കില്‍ ഇപ്പോള്‍ കൈയ്യില്‍ കൊടുക്കാമെന്നായിരുന്നു വാഗ്ദാനം.

ഒന്നിച്ച് ഇത്രയും അധികം രണ്ടായിരത്തിന്റെ നോട്ടുകള്‍ എവിടെനിന്നാണ് കിട്ടുന്നതെന്ന് അബ്ദുറഹിമാന്‍ പറഞ്ഞില്ല.പലരില്‍ നിന്നും സംഘടിപ്പതാണെന്നുമാത്രമായിരുന്നു മറുപടി. 50 ലക്ഷത്തിനൊന്നും തന്നെ തൊടാന്‍ കഴിയില്ലെന്നും തനിക്ക് അഞ്ച്, ആറ് കോടി രൂപയുടെ ടേണ്‍ ഓവറുണ്ടെന്നും അബ്ദു റഹിമാന്‍ പറഞ്ഞു. തനിക്കൊന്നും പേടിക്കാനില്ലെന്നും കോഴിക്കോടോ, തൃശ്ശൂരോ, തിരുവല്ലയോ എവിടെ വേണമെങ്കിലും നോട്ടുകള്‍ എത്തിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

അമിത ലാഭം പ്രതീക്ഷിച്ച് ചില വ്യാപാരികളും കമ്മീഷന്‍ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ മാറി നല്‍കുന്നുണ്ടെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ബോധ്യപെട്ടു. കച്ചവട ആവശ്യത്തിനായി ബാങ്കില്‍ തുടങ്ങിയ വാണിജ്യ അക്കൗണ്ടിലൂടെ 30 ലക്ഷം രൂപ വരെ മാറ്റി നല്‍കാമെന്ന് ചട്ടഞ്ചാല്‍ സ്വദേശിയായ കര്‍ണ്ണാടകയിലെ ഒരു വ്യാപാരി പറഞ്ഞു. 30 ലക്ഷം രൂപക്ക് 21 ലക്ഷം രൂപയാണ് നല്‍കുക. കണക്കുകളൊന്നും ബോധിപ്പിക്കാതെ തന്നെ പന്ത്രണ്ടര  ലക്ഷത്തോളം രൂപ വാണിജ്യ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനുള്ള സൗകര്യം ഉപയോഗിച്ചാണ് ഈ ഇടപാട്. കര്‍ണ്ണാടകയിലെ ചില ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമുണ്ടെന്നും വ്യാപാരി പറഞ്ഞു.

റിപ്പോര്‍ട്ട്: പ്രശാന്ത് നിലമ്പൂര്‍

click me!