സ്വന്തം ഇഷ്ടങ്ങളെ എങ്ങനെ ഒരു മൾട്ടി മില്യൺ ഡോളർ ബിസിനസ്സാക്കി മാറ്റാം എന്ന് കാണിച്ചുതരികയാണ്  ലോഗൻ പോൾ. വെറുതെ പണിയെടുക്കുന്ന പഴയ കാലം കഴിഞ്ഞെന്നും, ഇനി വേണ്ടത് 'ഹസിൽ സ്മാർട്ട്' രീതിയാണെന്നും പോൾ പറയുന്നു.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ലോകത്തെ മാറ്റിമറിക്കുമ്പോൾ, കരിയറിനെക്കുറിച്ച് ആശങ്കപ്പെടുന്ന ജെൻ സി തലമുറയ്ക്ക് സക്സസ് ടിപ്സുകൾ പറഞ്ഞു കൊടുക്കുകയാണ് യൂട്യൂബറും ബിസിനസുകാരനുമായ ലോഗൻ പോൾ. വെറുതെ പണിയെടുക്കുന്നതല്ല, മറിച്ച് സ്മാർട്ടായി പണിയെടുക്കുന്ന 'ഹസിൽ സ്മാർട്ട്' രീതിയിലൂടെ എങ്ങനെ കോടീശ്വരനാകാം എന്ന് പോൾ തന്‍റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നു. ഇന്നത്തെ കാലത്ത് എല്ലാവരും മറ്റുള്ളവരെ വിമർശിക്കാൻ മിടുക്കരാണെന്ന് പോൾ പറയുന്നു.

എന്നാൽ ഒന്നും പുതുതായി ബിൽഡ് ചെയ്യുവൻ ആരും തയ്യാറല്ല. വെറുതെ സൈഡ്‌ലൈനിൽ ഇരുന്ന് അഭിപ്രായം പറയുന്ന 'ആംചെയർ ക്വാർട്ടർബാക്ക്സ്' (Armchair quarterbacks) പോലെയല്ല, മറിച്ച് കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്ന ഒരു 'ഡൂവർ' (Doer) ആണ് താനെന്ന് ലോഗൻ പോൾ അവകാശപ്പെടുന്നു. ഫോർച്യൂൺ മാഗസിനു നൽകിയ അഭിമുഖത്തിലാണ് പോൾ തന്‍റെ ബിസിനസ് രഹസ്യങ്ങൾ പങ്കുവെച്ചത്.

വൈൻ (Vine) ആപ്പിലൂടെ കരിയർ തുടങ്ങിയ ലോഗൻ പോളിന് ഇന്ന് യൂട്യൂബിൽ 23 മില്യണിലധികം സബ്സ്ക്രൈബർമാരുണ്ട്. തന്റെ ഈ ഫാൻ ബേസിനെ ഉപയോഗിച്ച് 'Prime', 'Lunchly' തുടങ്ങിയ ആഗോള ബ്രാൻഡുകൾ പോൾ കെട്ടിപ്പടുത്തു. മിസ്റ്റർ ബീസ്റ്റ് , കെ.എസ്.ഐ തുടങ്ങിയ വമ്പൻ ക്രിയേറ്റർമാരുമായുള്ള കൊളാബറേഷനുകൾ പോളിന്റെ വളർച്ചയ്ക്ക് വേഗത കൂട്ടി. നിലവിൽ ഡബ്ല്യുഡബ്ല്യുഇയിലെ (WWE) മിന്നും താരം കൂടിയാണ് പോൾ.

ബിസിനസിലെ വിജയം എന്നത് വെറും ഭാഗ്യമോ അൽഗോരിതമോ മാത്രമല്ലെന്ന് പോൾ ഓർമ്മിപ്പിക്കുന്നു. "നിങ്ങൾ ആരെ വിശ്വസിക്കുന്നു എന്നതിലാണ് കാര്യം. കൂടെ പ്രവർത്തിക്കാൻ ശരിയായ ആളുകളെ തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായിരിക്കും,". പ്രമുഖ നിക്ഷേപകരായ വാറൻ ബഫറ്റും ബിൽഗേറ്റ്സും മുന്നോട്ടുവെക്കുന്ന അതേ ആശയമാണ് പോളും പങ്കുവെക്കുന്നത്.

പാഷനെ നിക്ഷേപമാക്കാം

നിങ്ങളുടെ പാഷനെ എങ്ങനെ ഒരു നിക്ഷേപമാക്കി മാറ്റാം എന്നതിന് മികച്ച ഉദാഹരണമാണ് ലോഗൻ പോളിന്‍റെ പോക്കിമോൻ (Pokémon) കാർഡ് ശേഖരം. 2022ൽ പോൾ 5.3 മില്യണ്‍ ഡോളറിന് വാങ്ങിയ ഒരു കാർഡിന് ഇന്ന് ലേലത്തിൽ 6.3 മില്യണ്‍ ഡോളറിലധികം മൂല്യമുണ്ട്. "നിങ്ങൾക്ക് എന്തിലെങ്കിലും വലിയ താല്പര്യമുണ്ടെങ്കിൽ അതിനൊരു മാർക്കറ്റുണ്ട്. അത് പഴയ വസ്തുക്കളോ, കലയോ എന്തുമാകട്ടെ, റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ വലിയൊരു അവസരം അവിടെയുണ്ട്," ലോഗൻ പോൾ പറഞ്ഞു.

പല യുവാക്കളും ജോലിയോ വിദ്യാഭ്യാസമോ ഇല്ലാത്ത അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ, ലോഗൻ പോളിന്റെ പാഠങ്ങൾ ഏറെ പ്രസക്തമാണ്. ട്രെൻഡുകൾക്ക് പിന്നാലെ ഓടാതെ, നിങ്ങൾക്ക് എക്സൈറ്റിംഗ് ആയി തോന്നുന്ന മേഖലകൾ കണ്ടെത്തുക. അവിടെ മികച്ച ഒരു നെറ്റ്‌വർക്ക് ഉണ്ടാക്കിയെടുക്കുക. ആധുനിക സമ്പദ്‌വ്യവസ്ഥയിൽ അവസരങ്ങൾ തേടി വരുന്നവരല്ല, മറിച്ച് സാഹസികതയോടെ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നവരാണ് വിജയികളാവുക, എന്ന് ലോഗൻ പോൾ കൂട്ടിച്ചേർത്തു.