ലഹരിക്കായി വിഷക്കൂണുകളും

By Web DeskFirst Published Oct 31, 2016, 6:55 PM IST
Highlights

ലഹരിക്കായി വിഷക്കൂണുകളും. ഹൈറേഞ്ചിലെ ടൂറിസം മേഖലയില്‍ കഞ്ചാവിനെ പിന്നിലാക്കി വളര്‍ന്നിരിക്കുകയാണ് വിഷക്കൂണുകള്‍. തലച്ചോറിനും നാഡീവ്യൂഹത്തിനും വലിയ തകരാര്‍ ഉണ്ടാക്കുന്ന ഇവയുടെ ഉപയോഗം ലഹരിക്കായി പുതുവഴി തേടുന്നവരുടെ പ്രധാന ആശ്രയമായി മാറിയിരിക്കുന്നു.

കഞ്ചാവിനേക്കാള്‍ ലഹരി. ഒട്ടും റിസ്കില്ലാതെ. അതാണ് മാജിക് മഷ്റൂം എന്ന വിഷക്കൂണുകള്‍. മാജിക് മഷ്റൂം അന്വേഷിച്ച് ഏഷ്യാനെറ്റ് ന്യൂസ് എത്തിയത് മൂന്നാറിലാണ്. മാട്ടുപ്പെട്ടിയും കടന്ന് കുണ്ടള ഡാമിലെത്തി. മൂന്നാറില്‍ റിസോര്‍ട്ടില്‍ റൂമെടുത്ത് തരാമെന്ന് പറഞ്ഞ് സമീപിച്ച ചിലരോട് മാജിക് മഷ്റൂം കിട്ടുമോയെന്ന് ചോദിച്ചു. അര മണിക്കൂറിനകം സാധനം തരാമെന്നായിരുന്നു മറുപടി. കൃത്യം അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ഓട്ടോറിക്ഷയില്‍ ആളെത്തി. ഓട്ടോയുടെ മുകളിലെ അറയില്‍നിന്ന് വിഷക്കൂണുകള്‍ എടുത്തുതന്നു. എവിടുന്ന് കിട്ടിയതാണെന്നും എങ്ങനെ കഴിക്കണമെന്നും പറഞ്ഞുതന്നു.

എട്ട് എണ്ണം കഴിക്കുമ്പോഴേക്കും എല്ലാം മറന്ന് ഉന്മാദത്തിലായ അവസ്ഥയിലെത്തുമെന്ന് ഉപയോഗിച്ചവര്‍ പറയുന്നു. 10 മണിക്കൂര്‍ വരെ ഇതിന്‍റെ ലഹരി നില്‍ക്കുമത്രേ. 12 എണ്ണത്തിന്റെ വില 400 രൂപയാണ്. ഏജന്റിന് കിട്ടുന്ന കമ്മിഷന്‍ 200 രൂപയും. സാധനം ഇനിയും വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഓട്ടോയുടെ ഫസ്റ്റ്എയ്ഡ് ബോക്‌സില്‍നിന്ന് പിന്നെയും എടുത്തുതന്നു. കൊടൈക്കനാലില്‍നിന്നാണ് കിട്ടിയതെന്ന് ഇയാള്‍ പറയുമ്പോഴും ആവശ്യക്കാര്‍ കൂടിയതോടെ കേരളത്തിലും ഇത് സുലഭമാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. മാജിക് മഷ്റൂം നിരോധിത വസ്തുവല്ലെങ്കിലും അതില്‍ അടങ്ങിയ സിലോസൈബിന്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം നിരോധിച്ചതാണ്.

മൂന്നാറില്‍ മാജിക് മഷ്റൂം സുലഭമാണെങ്കിലും ഇതുവരെ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് ഒരു കേസ് മാത്രമാണ്. മാജിക് മഷ്റൂം  വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും കരുത്താകുന്നതും ഇതൊക്കെത്തന്നെ.

click me!