
മാഹി/കണ്ണൂര്‍: മാഹിയില്‍ ഇന്നലെ രാത്രി സിപിഎം--ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. സിപിഎം നേതാവും മുന്‍മാഹി നഗരസഭാഗംവുമായ ബാബുവിനെ വെട്ടിക്കൊന്നക്കേസില്‍ നാല് പ്രതികളെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒ.പി രജീഷ്, മസ്താൻ രാജേഷ്, മഗ്നീഷ്, കാരക്കുന്നിൽ സുനി എന്നിവരെയാണ് പോലീസ് തിരിച്ചറിഞ്ഞത്. ഇവരെല്ലാം നേരത്തേയും ക്രിമിനല്‍ക്കേസുകളില്‍ പ്രതികളായിരുന്നവരാണെന്ന് പോലീസ് പറയുന്നു.
ബാബു വധം ആസൂത്രണം ചെയ്തത് ആര്‍എസ്എസ് പ്രാദേശിക നേതാവ് നിത്യാനന്ദന്‍ ആണെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്ന നിലപാടിലാണ് പോലീസ്. മാഹിയില്‍ വച്ചാണ് ബാബു കൊല്ലപ്പെട്ടത് എന്നതിനാല്‍ പുതുച്ചേരി പോലീസിന് കീഴിലുള്ള മാഹി പോലീസാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമോജും മാഹി സ്വദേശിയാണെങ്കിലും ഇയാളെ കൊലപ്പെടുത്തിയത് കേരളത്തില്‍ വച്ചാണ് എന്നതിനാല്‍ ഇയാളുടെ കൊലപാതകം കേരള പോലീസിന് കീഴിലുള്ള ന്യൂമാഹി പോലീസാണ് അന്വേഷിക്കുന്നത്.
എട്ട് പേരടങ്ങിയ സംഘമാണ് ഷമോജിനെ കൊന്നതെന്നാണ് പോലീസ് സംഘം പറയുന്നത്. ബാബു കൊല്ലപ്പെട്ടതിന് പ്രതികാരം എന്ന നിലയില്‍ പ്രദേശവാസികളായ സിപിഎമ്മുകാര്‍ ഷമോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇതിന് സിസിടിവികള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
അതേസമയം രാഷ്ട്രീയകൊലപാതകങ്ങള്‍ അടിക്കടിയുണ്ടാവുന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ പുതുച്ചേരി പോലീസ് മേധാവിയുമായി സംസാരിച്ചെന്നും അന്വേഷണത്തില്‍ പുതുച്ചേരി പോലീസിന് കേരള പോലീസ് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹര്‍ത്താല്‍ നടക്കുന്ന കണ്ണൂരില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam