
ആലപ്പുഴ: വ്യാജ വില്‍പത്രവും മറ്റ് രേഖകളും ചമച്ച് കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം സഹോദരിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായ വിദേശത്തുള്ളയാളുടെ പരാതിയില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. ഇറ്റലിയിലുള്ള കടക്കരപ്പള്ളി ആലുങ്കല്‍ ജംക്ഷന്‍ പത്മ നിവാസില്‍ പി.പ്രവീണ്‍കുമാറാണ് കാണാതായ സഹോദരി ബിന്ദു(44)വിന്റെ തിരോധാനം അന്വേഷിക്കണമെന്ന് കാട്ടി ആഭ്യന്തര വകുപ്പിന് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല ഡിവൈഎസ്പി എ.ജി.ലാലിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി.
അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ബിന്ദു താമസിച്ചിരുന്നത്. ജോലി സംബന്ധമായ ആവശ്യത്തിന് പ്രവീണ്‍ വിദേശത്തേക്ക് പോയ സമയം ബിന്ദു എംബിഎ പഠനത്തിന് ബംഗളൂരുവിലേക്ക് പോയതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പഠിക്കുന്ന സ്ഥലത്തിന്റെ വിവരമോ ഫോണ്‍ നമ്പരോ ബിന്ദു ആര്‍ക്കും നല്‍കിയിരുന്നില്ലത്രേ. അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോള്‍ തന്നെ രണ്ട് മക്കള്‍ക്കുമായി സ്വത്തുക്കള്‍ വില്‍പത്രത്തില്‍ വീതിച്ചിരുന്നു.
2002 സെപ്തംബര്‍ എട്ടിന് അമ്മയും ഇതേ വര്‍ഷം നവംബര്‍ 29 ന് പിതാവും മരിച്ചു. ഇരുവരുടെയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ബിന്ദു എത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് ബിന്ദു വീട്ടിലെത്തി താമസം തുടങ്ങി. മാത്രമല്ല നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ അച്ഛന്‍ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് ബിന്ദു വീട്ടില്‍ വന്നിരുന്നതായും മരണത്തിന്റെ രണ്ട് ദിവസം മുമ്പാണ് മടങ്ങിപോയതെന്നും അറിഞ്ഞതായും പ്രവീണ്‍ പരാതിയില്‍ പറയുന്നു.
വീട്ടിലെ 10 ലക്ഷത്തോളം രൂപ വിലയുള്ള സാധനസാമഗ്രികള്‍ വില്‍ക്കുകയും ചേര്‍ത്തല ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍, കടക്കരപ്പള്ളിയിലെ സഹകരണ സംഘത്തിലെ സ്ഥിരനിക്ഷേപം, മറ്റ് ബാങ്കുകളില്‍ ഉണ്ടായിരുന്ന തുക എന്നിവയെല്ലാം ബിന്ദു പിന്‍വലിച്ചിരുന്നു. ഇതിന് ശേഷം പ്രവീണിന്റെ ഭാര്യയുടെ പേരില്‍ ചേര്‍ത്തലയിലുണ്ടായിരുന്ന വീടും സ്ഥലവും മറ്റൊരു 10 സെന്ററും ഇവിടെ തന്നെയുള്ള 1.66 ഏക്കര്‍ സ്ഥലവും മറ്റൊരാളുമായി ചേര്‍ന്ന് ബിന്ദു വില്‍പന നടത്തിയതായും അറിഞ്ഞു.
പള്ളിപ്പുറം സ്വദേശിയായ കാര്‍ ഡ്രൈവറുമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞിരുന്നത്. മൂന്നര വര്‍ഷം മുമ്പ് മാവേലിക്കരയില്‍ മാതാവിന്റെ സഹോദരിയുടെ വീട്ടില്‍ ബിന്ദുവും പള്ളിപ്പുറത്തെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമായി ചെന്നിരുന്നതായും പിന്നീട് ഇതുവരെ ബിന്ദുവിനെകുറിച്ച് യാതൊരു വിവരവുമില്ലെന്നും പ്രവീണ്‍ പറയുന്നു. മാത്രമല്ല അമ്പലപ്പുഴയില്‍ ബിന്ദു വാങ്ങിയ 10 സെന്റ് വസ്തു വായ്പ തിരിച്ചടയ്ക്കാത്തതിന്റെ പേരില്‍ പലിശക്കാരന്‍ ജപ്തി ചെയ്ത് എടുത്തതായി അറിഞ്ഞെന്നും പരാതിയിലുണ്ട്.
ബിന്ദുവിനെ കുറിച്ച് പള്ളിപ്പുറത്തെ വസ്തു ഇടനിലക്കാരനോട് അന്വേഷിച്ചപ്പോള്‍ വ്യക്തമായ മറുപടി തരാതെ ഒഴിഞ്ഞുമാറുകയായിരുന്നു. എറണാകുളത്തെ ബിന്ദുവിന്റെ കോടികള്‍ വിലമതിക്കുന്ന വസ്തു കള്ള ആധാരം ചമച്ച് ആള്‍മാറാട്ടം നടത്തി വിറ്റതായി മനസിലാക്കുവാന്‍ കഴിഞ്ഞതായും പ്രവീണ്‍ പരാതിയില്‍ പറയുന്നു. ഇടപ്പള്ളി സബ് റജിസ്ട്രാര്‍ ഓഫീസില്‍ 2013-ല്‍ തീറാധാരത്തിന് ഹാജരാക്കിയ പവര്‍ ഓഫ് അറ്റോണിയും ബിന്ദുവിന്റെ ഡ്രൈവിങ് ലൈസന്‍സും വ്യാജമായിരുന്നതായും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ പകര്‍പ്പുകള്‍ ഹാജരാക്കി പ്രവീണ്‍ പറയുന്നു.
ഇത്തരത്തില്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തുകയോ വില്‍പ്പന നടത്തിക്കുകയോ ചെയ്ത ശേഷം ബിന്ദുവിനെ കൊന്നുകളഞ്ഞതാകാനാണ് സാധ്യതയെന്ന് സംശയിക്കുന്നതായുമാണ് പ്രവീണിന്റെ പരാതി. ആഭ്യന്തര വകുപ്പില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും പരാതിയില്‍ കഴമ്പുണ്ടെന്ന് മനസിലാക്കി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതായും ഡിവൈഎസ്പി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam