
പാലക്കാട്: സ്ത്രീകളെ ഉപയോഗിച്ച് ബ്ലാക്മെയിലിങ് നടത്തി പണം തട്ടിയ കേസില്‍ പ്രധാന പ്രതിയെ പിടികൂടി. മലപ്പുറം സ്വദേശിയായ മധ്യവയസ്കനെ സ്ത്രീകളോടൊപ്പം നിര്‍ത്തി നഗ്നഫോട്ടോകളെടുത്ത് ബ്ലാക്മെയില്‍ ചെയ്തെന്നാണ് പരാതി. പാലക്കാട് നോര്‍ത്ത് പൊലീസാണ് പ്രതിയെ പിടികൂടിയത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ മധ്യവയ്സകനെ ഒരു സ്ത്രീയാണ് ഫോണില്‍ വിളിച്ച് പാലക്കാട് മങ്കരയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ ഉടനെ കുറച്ചുപേര്‍ ഇയാളെ വളഞ്ഞു. സ്ത്രീയോടൊപ്പം നിര്‍ത്തി നഗ്ന ഫോട്ടോകള്‍ എടുത്തു. പിന്നെയായിരുന്നു യഥാര്‍ത്ഥ നാടകം അരങ്ങേറിയത്. മധ്യവയസ്കന്റെ പോക്കറ്റില്‍ നിന്നും ലഭിച്ച കാര്‍ഡിലെ അഡ്രസ് നോക്കി ഇയാള്‍ തിരൂരങ്ങാടിക്കാരന്‍ ആണല്ലോ എന്നും നൗഷാദിന്റെ അയല്‍ക്കാരന്‍ ആണല്ലോ എന്നും സംഘം പറയുന്നു. തുടര്‍ന്ന് ഇവര്‍ തന്നെ നൗഷാദ് എന്ന ഈ കേസിലെ മുഖ്യപ്രതിയെ വിളിച്ചു. ഒരു സ്ത്രീയോടൊപ്പം അയല്‍ക്കാരനെ പിടികൂടിയെന്നും ഫോട്ടോകള്‍ പരസ്യപ്പെടുത്തെണ്ടെ എങ്കില്‍ 5 ലക്ഷം രൂപ ഉടനെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഭയം അഭിനയിച്ച നൗഷാദ് താന്‍ 3 ലക്ഷം രൂപ തന്ന് സഹായിക്കാം എന്ന് പരാതിക്കാരനായ മധ്യവയസ്‌കനോട് പറഞ്ഞു. ബാക്കി 2 ലക്ഷം പരാതിക്കാരന്റെ വീട്ടില്‍ നിന്ന് വാങ്ങി ആകെ 5 ലക്ഷം സംഘത്തിന് കൈമാറാം എന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് 3 ലക്ഷം രൂപയെന്ന വ്യാജേന കടലാസുകെട്ടുകളും പരാതിക്കാരന്റെ പക്കല്‍ നിന്ന് വാങ്ങിയ 2 ലക്ഷവും നൗഷാദ് തന്നെ സംഘത്തിന് എത്തിച്ചു. തിരികെ വീട്ടിലെത്തിയ ഇയാളെ അടുത്ത ദിവസം തന്നെ നൗഷാദ് ഭീഷണിപ്പെടുത്തി, 3 ലക്ഷത്തിന് ആഴ്ചയില്‍ മുപ്പതിനായിരം പലിശ നല്‍കണമെന്നായി. ഇതിനെത്തുടര്‍ന്നാണ് പാലക്കാട് നോര്‍ത്ത് സ്റ്റേഷനില്‍ എത്തി ഇയാള്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് കേസിലെ പ്രതികളായ മുണ്ടൂർ സ്വദേശി പപ്പൻ, ഹൈദരലി, കൃഷ്ണദാസ്, അബ്ദുല്‍ സലാം എന്നിങ്ങനെ നാല് പ്രതികളെ പിടികൂടി. പ്രധാന പ്രതിയും ബ്ലാക്മെയില്‍ നാടകത്തിന്റെ മുഖ്യ സൂത്രധാരനുമായ നൗഷാദാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കേസിലെ പ്രതിയായ സ്ത്രീ ഇനി പിടിയിലാകാനുണ്ട്. ഇയാള്‍ ഇത്തരത്തില്‍ നിരവധി പേരെ പറ്റിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പാലക്കാട് നോര്‍ത്ത് സിഐ കെ ആര്‍ ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam