
ആലപ്പുഴ: തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്ത കളക്ട്രേറ്റിലെ പ്രധാന ഉദ്യോഗസ്ഥരെയെല്ലാം തല്‍സ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നീക്കി. ജില്ലാ കലക്ടറായിരുന്ന ടിവി അനുപമ, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ അതുല്‍ സ്വാമിനാഥ് എന്നിവര്‍ക്ക് പിന്നാലെ ലോ ഓഫീസര്‍ സിഡി ശ്രീനിവാസനെയും മാറ്റി. ചട്ടം ലംഘിച്ചാണ് സീനിയറായ ശ്രീനിവാസനെ കാസർകോട്ടേക്ക് സ്ഥലം മാറ്റിയത്.
തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങള്‍ ഏഷ്യാനെറ്റ്ന്യൂസ് പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ആലപ്പുഴ ജില്ലാ കലക്ടറെയാണ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അന്നത്തെ കലക്ടറായിരുന്ന ടിവി അനുപമയ്ക്ക് ശക്തമായ പിന്തുണ നല്‍കിയ രണ്ട് ഉദ്യോഗസ്ഥരായിരുന്നു എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥും ലോ ഓഫീസര്‍ സിഡി ശ്രീനിവാസനും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അതുല്‍ സ്വാമിനാഥനെ ഭൂപരിഷ്കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സ്ഥാനത്ത് നിന്നും നീക്കി. തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ച് എല്ലാ കാര്യവും അറിയാവുന്ന ഒരു പ്രധാന ഉദ്യോഗസ്ഥനെ നീക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കലക്ടര്‍ ടിവി അനുപമയെ തൃശൂരേക്ക് മാറ്റി. അപ്പോഴും തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളെക്കുറിച്ച് എല്ലാമറിയുന്ന ഒരു ഉന്നത ഉദ്യോഗസ്ഥന്‍ കൂടി കലക്ട്രേറ്റില്‍ ബാക്കിയുണ്ടായിരുന്നു. തോമസ്ചാണ്ടിക്കെതിരെ ശക്തമായ നടപടി തുടരുന്ന സയത്ത് എല്ലാ ചട്ടങ്ങളും കാറ്റില്‍പ്പറത്തി സിഡി ശ്രീനിവാസനെ കാസറഗോഡേക്ക് മാറ്റുകയായിരുന്നു. 25.02.2017 ലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംബന്ധിച്ച ഉത്തരവ് പ്രകാരം ഒരു ജീവനക്കാരനെ പോസ്റ്റ് ചെയ്താല്‍ മൂന്ന് വര്‍ഷം നിലനിര്‍ത്തണം. സീനിയറായ ഉദ്യോഗസ്ഥനെ മാറ്റി ജൂനിയറായ ഉദ്യോഗസ്ഥന് സൗകര്യപ്രദമായ സ്ഥലം കൊടുക്കരുതെന്നുമുള്ള ചട്ടങ്ങളാണ് ഇതിലൂടെ ലംഘിച്ചത്.
ഹൈക്കോടതിയിലടക്കം തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളില്‍ കൃത്യമായി നിലപാടെടുക്കാന്‍ ജില്ലാ ഭരണകൂടത്തെ സഹായിച്ച ലോ ഓഫീസറെ മാറ്റിയതോടെ തോമസ്ചാണ്ടി തല്‍ക്കാലം കൂടുതല്‍ സുരക്ഷിതനായി. പുതുതായി ചുമതലയേറ്റ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ തോമസ്ചാണ്ടിയുടെ നിയമലംഘനങ്ങളുടെ ഫയല്‍ പഠിച്ച് വരുമ്പോഴേക്കും കാലം ഒരുപാട് കഴിയും. നടപടികള്‍ താല്‍ക്കാലികമായെങ്കിലും നിലച്ചു എന്ന് ചുരുക്കം.