ഉത്തരാഖണ്ഡിൽ എംഎല്‍എമാരെ സ്വാധീനിക്കാന്‍ പണം കൊടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

By Web DeskFirst Published May 7, 2016, 10:29 PM IST
Highlights

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഹരീഷ് സിംഗ് റാവത്തിന്റെ വിശ്വസ്തനായ എംഎൽഎ മദൻ സിങ്ങ് ബിഷ്ട് മറ്റ് എംഎൽഎമാർക്ക് പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങൾ വിമത എംഎൽഎ ഹരക് സിങ്ങ് റാവത്ത് പുറത്ത് വിട്ടു. 12 എംഎൽഎമാരെ പണം കൊടുത്ത് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് ഹരീഷ് റാവത്തിന്റെ വിശ്വസ്തനായ എംഎൽഎ സമ്മതിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. 12 എംഎൽഎമാർക്ക്  25 ലക്ഷം രൂപ വീതം നൽകിയെന്നും അവരുടെ ചിലവുകൾക്കു വേണ്ടിയാണ് താൻ പണം നൽകിയെന്നുമാണ് ഹരീഷ് റാവത്തിന്റെ വിശ്വസ്തന്‍ വീഡിയോയില്‍ സമ്മതിക്കുന്നത്. അതേസമയം, വിമത എംഎൽഎമാർക്ക് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാമോ എന്ന് ഹൈക്കോടതി നാളെ തീരുമാനിക്കും.

സുപ്രീം കോടതിയുടെ നിരീക്ഷണത്തിൽ ചൊവ്വാഴ്ച്ചയാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ ഹരീഷ് റാവത്ത് വിശ്വാസ വോട്ട് തേടുന്നത്.ഇതിന് മുന്നോടിയായാണ് ഹരീഷ് റാവത്തിനെ വെട്ടിലാക്കി കുതിരകച്ചവടം നടത്താൻ ശ്രമിച്ചതിന്റെ പുതിയ തെളിവുകളുമായി വിമത കോണ്‍ഗ്രസ് എംഎൽഎ ഹരക് സിങ്ങ് റാവത്ത് രംഗത്തെത്തിയത്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ചില കോണ്‍ഗ്രസ് എംഎൽഎമാർക്കും ഹരീഷ് റാവത്തുമായി അടുത്ത് നിൽക്കുന്ന മറ്റ് പാർട്ടികളിലെ എംഎൽഎമാർക്കും താൻ പണം കൊടുത്തു എന്ന് ഹരീഷ് റാവത്തിന്റെ വിശ്വസ്തനായ എംഎൽഎ മദൻ സിങ്ങ് ബിഷ്ട് പറയുന്നതിന്റെ ദൃശ്യങ്ങളാണ് ഹരക് സിങ്ങ് റാവത്ത് ഒരു ഹിന്ദി ചാനലിന് കൈമാറിയിരിക്കുന്നത്.

താൻ അഹമ്മദ് പട്ടേൽ അംബികാ സോണി എന്നീ കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംഎൽഎ പറയുന്നതായും വീഡിയോയിലുണ്ട്.നേരത്തെ ബിജെപിയും ഹരീഷ് റാവത്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്‍റെ  ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു. വിമത എംഎൽഎമാർക്ക് വോട്ട് ചെയ്യാമോ എന്ന് നാളെ ഉത്തരാഘണ്ട് ഹൈക്കോടതി തീരുമാനിക്കാനിരിക്കെയാണ് പുതിയ തെളിവുകൾ പുറത്ത് വന്നിരിക്കുന്നത്.രാഷ്ട്രപതി ഭരണം തുടരുന്നതിനാൽ ഉത്തരാഖണ്ഡിന്റെ ബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാർലമെന്‍റിൽ അവതരിപ്പിക്കും.

click me!