ഫീസും ബാങ്ക് ഗ്യാരന്റിയും പോര; എംബിബിഎസ് പ്രവേശനത്തിന് ബ്ലാങ്ക് ചെക്ക് ചോദിച്ച് സ്വാശ്രയ കോളേജ്

By Web DeskFirst Published Sep 8, 2017, 12:32 PM IST
Highlights

കോഴിക്കോട്: എം.ബി.ബി.എസ് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോട് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ്. കോഴിക്കോട്ടെ മലബാര്‍ മെ‍‍ഡിക്കല്‍ കോളേജാണ് ബ്ലാങ്ക് ചെക്ക് ഇല്ലാതെ  പ്രവേശനം നല്‍കില്ലെന്ന് അറിയിച്ചത്.

മലബാര്‍ മെ‍ഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളോടാണ് നാല് ബ്ലാങ്ക് ചെക്കുകള്‍ വീതം കൊണ്ട് വരാന്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്. രക്ഷിതാക്കളെന്ന് പരിചയപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് സംഘം ബന്ധപ്പെട്ടുപ്പോള്‍ അധികൃതര്‍ ഇക്കാര്യം സ്ഥീരീകരിച്ചു. ഫീസ് കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് ബ്ലാങ്ക് ചെക്കുകള്‍ വാങ്ങുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ബ്ലാങ്ക് ചെക്ക് വാങ്ങുന്നത് നിയമാനുസൃതമാണോ എന്ന് ചോദിച്ചപ്പോള്‍ ഇതിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കോളേജ് അധികൃതര്‍ക്ക് ആയില്ല.

സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള ഫീസായി അഞ്ച് ലക്ഷം രൂപയും ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിക്കും പുറമെ കോഷന്‍ ഡിപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീസ്, യൂണിവേഴ്‌സിറ്റി ഫീസ് എന്നിങ്ങനെ 2,33,000 രൂപയും ഇവിടെ വിദ്യാര്‍ത്ഥികളോട് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉയര്‍ന്ന ഹോസ്റ്റല്‍ ഫീസ് ഈടാക്കുന്നതിനെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ബ്ലാങ്ക് ചെക്കുകള്‍ ആവശ്യപ്പെടുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് വിദ്യാര്‍ത്ഥികളോട് ഇക്കാര്യം കര്‍ശനമാണെന്ന് മലബാര്‍ മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അറിയിക്കുന്നത്. പല രീതിയില്‍ പണം ഈടാക്കാനുള്ള ഉപാധിയായാണ് ബ്ലാങ്ക് ചെക്ക് ചോദിക്കുന്നതെന്നാണ് സംശയം ഉയരുന്നത്.

click me!