മൃതദേഹം മാറിയ സംഭവം: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

By Web DeskFirst Published Jul 14, 2018, 7:48 AM IST
Highlights
  • അബുദാബിയില്‍ അപകടത്തില്‍ മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹത്തിന് പകരം നാട്ടിലെത്തിയത് തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം
     

തിരുവനന്തപുരം: അബുദാബിയില്‍ മരിച്ച മലയാളി യുവാവിന്റെ മൃതദേഹത്തിന് പകരം തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം അയച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. വയനാട് അമ്പലവയലിനടുത്ത് പായിക്കൊല്ലിയിലെ ഹരിദാസന്റെ  മകന്‍ നിഥിന്റെ ( 29 ) മൃതദേഹത്തിന് പകരമാണ് തമിഴ്‌നാട് രാമനാഥപുരം സ്വദേശി കാമാച്ചി കൃഷ്ണന്റെ  മൃതദേഹം നാട്ടിലെത്തിച്ചത്. 

അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നിഥിന്‍ 10 ദിവസം മുമ്പാണ് അപകടത്തില്‍ മരിച്ചത്. അബുദാബിയിലെ  ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് എംബാം ചെയ്ത മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും രാവിലെ പത്ത് മണിയോടെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ഇതിനിടെയാണ് മൃതദേഹം മാറിയെന്നും നിഥിന്റെ മൃതദേഹം അബുദാബി ആശുപത്രിയില്‍ത്തന്നെയാണുള്ളതെന്ന വിവരം അവിടത്തെ ആശുപത്രി അധികൃതര്‍ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുന്നത്. സംസ്‌കാരചടങ്ങിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ നടക്കുന്നതിനിടെയായിരുന്നു ഇത്. ഇതോടെ അങ്കലാപ്പിലായ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. 

മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്‌സ് അധികൃതരും ഉന്നത പൊലിസുദ്യോഗസ്ഥരും  നിഥിന്റെയും തമിഴ്‌നാട് സ്വദേശിയുടെയും ബന്ധുക്കളുമായും രാമനാഥപുരം ജില്ലാ കലക്ടര്‍, പൊലീസ് മേധാവി എന്നിവരുമായും ബന്ധപ്പെട്ടു. അബുദാബിയിലെ മലയാളി സംഘടനകളുടെയും സഹായം  തേടി.

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നോര്‍ക റൂട്‌സിന്റെ സൗജന്യ ആംബുലന്‍സ് സേവനം വഴി രാമനാഥപുരത്തേക്ക് എത്തിക്കാന്‍ തീരുമാനിച്ചു. നിഥിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍  പുരോഗമിക്കുകയാണ്. ഇതിനായി അബുദാബിയിലെ ഇന്ത്യന്‍ എംബസിയുമായി നോര്‍ക്ക അധികൃതര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്.

click me!