
ചാലക്കുടി: മുൻഷിയിലൂടെ തുടങ്ങി അറുപതോളം സിനിമകളിൽ വേഷമിട്ട് ജനമനസിൽ ഇടം നേടിയ ചലച്ചിത്ര താരം മുൻഷി വേണു (70) അന്തരിച്ചു. ഇന്നു പുലർച്ചെ മൂന്നിന് ചാലക്കുടി പോട്ട ധന്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ താമസിച്ചിരുന്ന വേണു വൃക്ക രോഗത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 10ന് ഡിവൈൻ ധ്യാനകേന്ദ്രത്തിലുള്ള തിരുകുടുംബ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ടിന് മുരിങ്ങൂർ മലങ്കര പള്ളിയിൽ സംസ്കരിക്കും. മൃതദേഹം ഇപ്പോൾ സെന്റ് ജയിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ടെലിവിഷൻ കാരിക്കേച്ചർ ഷോയായ മുൻഷിയിലെ ഒട്ടിയ കവിളും നീണ്ട കൃതാവുമുള്ള പഴയ പഞ്ചായത്ത് മെന്പറായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതം തുടങ്ങിയത്. ടെലിവിഷനിലൂടെ പ്രശസ്തനായതോടെ നിരവധി സിനിമകളും വേണുവിനെ തേടിയെത്തി. തുടർന്ന് പച്ചക്കുതിര, സ്നേഹവീട്, കഥ പറയുന്പോൾ, ഛോട്ടാ മുംബൈ, ഇമ്മനുവേൽ, സോൾട്ട് ആൻഡ് പെപ്പർ, ഡാഡി കൂൾ തുടങ്ങി അറുപതോളം സിനിമകളിൽ വേഷമിട്ട് ശ്രദ്ധേയനായി.
മമ്മൂട്ടി അടക്കമുള്ള സൂപ്പർ താരചിത്രങ്ങളിലായിരുന്നു വേണു അഭിനയിച്ചത്. ഛൊട്ടാ മുംബൈയിലെ "മോനെ ഷക്കീല വന്നോ’ എന്ന ചോദ്യം സിനിമാ തിയേറ്ററുകളിൽ ചിരിയുടെ മാലപടക്കത്തിനാണ് തിരികൊളുത്തിയത്. സിനിമികൾ വേഷമിട്ട് താരമൂല്യത്തിന്റെ കനമില്ലാതെ മുൻഷി തെരുവോരങ്ങളിൽ ഏറെ അലഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam