
ബംഗളൂരുവിൽ ഗർഭിണിയായ മലയാളി യുവതി മരിച്ച നിലയിൽ. മട്ടാഞ്ചേരി സ്വദേശിയായ സുറുമി ഹനീഫിനെയാണ് ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് മംഗലാപുരം സ്വദേശി നാസറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ചയാണ് ബംഗളൂരു സാരപ്പാളയത്തെ വീട്ടിൽ ഇരുപത്തൊന്നുകാരിയായ സുറുമി ഹനീഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.മൂന്ന് മാസം ഗർഭിണിയായിരുന്നു യുവതി.മട്ടാഞ്ചേരിയിലുളള ബന്ധുക്കളെ വെളളിയാഴ്ച രാവിലെയാണ് ഭർത്താവിന്‍റെ വീട്ടുകാർ മരണവിവരം അറിയിച്ചത്. അഞ്ച് വർഷം മുമ്പ് വിവാഹം കഴിച്ചതുമുതൽ സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. ഭക്ഷണം നൽകാതെ തന്നെ പട്ടിണിക്കിട്ടിരിക്കുകയാണെന്ന് മകൾ ഒരാഴ്ച മുമ്പ് വിളിച്ചുപറഞ്ഞതായി യുവതിയുടെ അമ്മ പറയുന്നു.
ശരീരത്തിൽ ചൂടുവെളളമൊഴിച്ച് പൊളളിച്ചും മർദിച്ചും യുവതിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. യുവതിയുടെ ശരീരത്തിൽ പൊളളലേറ്റ പാടുകളുണ്ട്.വിവാഹത്തിന് ശേഷം നിരന്തരം ഭർത്താവ് നാസർ പണം ആവശ്യപ്പെട്ടിരുന്നതായും ഒരു ലക്ഷത്തിലധികം രൂപ കൈമാറിയതായും ബന്ധുക്കൾ പറയുന്നു.മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് നാസറിനെ ഹെന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam