നാളെ ചിലപ്പോള്‍ നമ്മളാവും ബിബിന്‍

Published : Jul 22, 2017, 02:45 PM ISTUpdated : Oct 05, 2018, 01:36 AM IST
നാളെ ചിലപ്പോള്‍ നമ്മളാവും ബിബിന്‍

Synopsis

മുംബൈ സയണ്‍ ആശുപത്രിയിലെ മുപ്പതാം വാര്‍ഡിന്റെ വരാന്തയിലിട്ട കട്ടിലിലാണ് ബിബിന്‍ ഡേവിഡിനെ കിടത്തിയത്. സര്‍ക്കാര്‍ ആശുപത്രിയാണ്. അകത്ത് സ്ഥലമില്ല. ഇന്നലെയാണ് ട്രെയിന്‍ കയറി ചതഞ്ഞുപോയ രണ്ടുകാലുകളും മുറിച്ചുമാറ്റിയത്. തുടയിലെ തൊലിയെടുത്ത് കാലിന്റെ മുറിച്ചുമാറ്റിയ ഭാഗത്ത് ചേര്‍ക്കുന്ന ശസ്ത്രക്രിയ ബാക്കിയുണ്ട്. അല്ലെങ്കില്‍ മുറിവ് ഉണങ്ങില്ലത്രേ. ബിബിനെ കാണാനെത്തിയ മൂന്ന് കൂട്ടുകാര്‍ മാത്രമേ അടുത്തുള്ളു. അവര്‍ വീട്ടില്‍ നിന്നും ഒരു ഫാന്‍ കൊണ്ടുവന്ന് കട്ടിലിനടുത്ത് വെച്ചുകൊടുത്തു. അമ്മ പ്രസന്ന ഒന്നു കുളിച്ചുമാറി വരാനായി വീട്ടിലേക്ക് പോയതാണ്. മരണവീട്ടിലും ആശുപത്രിയിലുമൊക്കെ വാര്‍ത്ത ശേഖരിക്കാനായി പോകുമ്പോള്‍ വീര്‍പ്പുമുട്ടല്‍ വരും. ഒരു ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നവര്‍ തന്നെ അത് വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍ വേദനയാണ്. കൂട്ടിരിപ്പുകാര്‍ ഇല്ലാത്തതിനാല്‍ കാലുകള്‍ അറ്റ് കണ്ണിന് ഗുരുതരമായി മുറിവേറ്റ് കിടക്കുന്ന ബിബിനോട് തന്നെ എല്ലാം ചോദിക്കേണ്ടിവന്നു. ആശുപത്രിയില്‍ കൊണ്ടുവന്ന് രണ്ടാമത്തെ ദിവസമാണ് ബിബിന് ബോധം വന്നത്.

 

വേദന കുറവുണ്ടോയെന്ന് ചോദിച്ചപ്പോള്‍, അപകടത്തെക്കുറിച്ചും വേദനയെക്കുറിച്ചുമല്ല അവന്‍ ആദ്യം പറഞ്ഞത്. മുറിവുണങ്ങി കൃത്രിമക്കാല്‍ വച്ച് ഒരു ജോലി അന്വേഷിക്കണം. കേട്ടപ്പോള്‍ അത്ഭുതം തോന്നി. ജോലികിട്ടി ആദ്യദിവസം ഓഫീസില്‍ പോകുംവഴിക്ക് കാലുകളറ്റ് കിടക്കയിലായ ആള്‍. അതും 24 വയസ് മാത്രം പ്രായമുള്ളവന്‍. ജീവിതത്തെക്കുറിച്ച് ആഗ്രഹിച്ചതെല്ലാം തകര്‍ന്ന്  പെട്ടെന്നൊരു ദിവസം കിടക്കയിലാവുക. എന്നിട്ടും ആറ്റിറ്റിയൂഡ് സമ്മതിക്കാതെവയ്യ! അവന്‍ നടന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്തു

"ജോലികിട്ടിയ ആദ്യദിവസം ആയതിനാല്‍ ഏഴുമണിക്ക് തന്നെ വീട്ടില്‍ നിന്ന് ഇറങ്ങി. സ്റ്റേഷനില്‍ നല്ല തിരക്ക്. ആദ്യത്തെ നാലു ട്രെയിനുകളില്‍ കേറാനായില്ല. ഇനിയും കാത്തിരുന്നാല്‍ ആദ്യദിനം ഓഫീസില്‍ വൈകിയെത്തേണ്ടിവരുമല്ലോ എന്നോര്‍ത്ത് അടുത്ത ട്രെയിനില്‍ ചാടിക്കയറി. മൂന്നു സ്റ്റേഷനുകള്‍ പിന്നിട്ടതോടെ ആളുകള്‍ കൂടി. തിരക്ക് വല്ലാതെ കൂടിയപ്പോള്‍ ഞാന്‍ ഡോറിന്റെ ഭാഗത്തേക്ക് ആയി. നല്ല മഴയും ഉണ്ടായിരുന്നു. കല്വ  സ്റ്റേഷന്‍ കഴിഞ്ഞതോടെ തിക്കില്‍ പെട്ട് താഴേക്ക് വീണു. പിന്നെ ഒന്നും ഓര്‍മ്മയില്ല''

ട്രാക്കില്‍ വീണ ബിബിന്റെ ദേഹത്ത്കൂടെ ട്രെയിന്‍ കയറി ഇറങ്ങി. പരിചയക്കാരനാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇടതുകാല്‍ മുട്ടിന് താഴെയും വലതുകാല്‍ മുട്ടിന് മുകളിലും മുറിച്ചുനീക്കി. തലച്ചോറില്‍ രക്തം കട്ടപിടിക്കുന്ന അസുഖം ഉണ്ടായിരുന്ന ബിബിന്‍, അസുഖം ഭേദമായി ജോലിക്ക് പോയ ആദ്യദിനം തന്നെ ഇങ്ങനെയൊരു ദുരന്തം ഉണ്ടായത് കുടുംബത്തെ തളര്‍ത്തി.

അച്ഛന്‍ വില്‍ഫ്രെഡ് രണ്ടുകൊല്ലം മുമ്പാണ് മരിച്ചത്. ക്യാന്‍സറായിരുന്നു. അമ്മയുടെ ട്യൂഷനാണ് ഏക വരുമാനം. തുടര്‍ചികിത്സയ്ക്കും കൃത്രിമക്കാല്‍ വെക്കാനും ഏറെ പണം വേണം. ചികിത്സായ്ക്കായി എല്ലാവരുടെയും സഹായം അഭ്യര്‍തഥിക്കുകയാണ് ബിബിനിന്റെ കുടുംബം.


മുംബൈ ലോക്കല്‍ ട്രെയിന്‍ മരണ വണ്ടിയായാണ് തോന്നാറ്. ഞാനും ക്യാമറാമാന്‍ ഹരിയും ഇതേ ലോക്കല്‍ ട്രെയിനിലാണ് ഓഫീസിലേക്ക് പോകുന്നത്. ദിവസവും ഓഫീസിലേക്കും തിരിച്ചുമുള്ള യാത്രയില്‍ മൂന്ന് മണിക്കൂറോളം ട്രെയിനിലായിരിക്കും. മനുഷ്യന്മാരുടെ മറ്റൊരു മുഖമാണ് ഇതിനകത്ത്. 'അര്‍ഹതയുള്ളവര്‍ അതിജീവിക്കും' എന്ന് ഡാര്‍വ്വിന്റെ പരിണാമ സിദ്ധാന്തത്തില്‍ പഠിച്ചതാണ് ഓര്‍മ്മ വരിക. കൈയൂക്ക് കാണിച്ച് സ്വന്തം ജീവന്‍ രക്ഷപ്പെടുത്താനുള്ള പരാക്രമം. ഒരോ കോച്ചിലും നൂറ് കണക്കിന് പേരുണ്ടാകും. ശ്വാസംമുട്ടുന്ന അത്രയും തിരക്ക്. ഡോറിനടുത്ത് കൂട്ടമായി നില്‍ക്കുന്ന യുവാക്കള്‍ അവിടെ നിന്നും മാറില്ല. ഓരോ സ്റ്റേഷനിലും 15 സെക്കന്റൊക്കെയാണ് ട്രെയിന്‍ നിര്‍ത്തുന്നത്.

ഇതിനിടയിലാണ് ഇത്രയും ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും. നേരത്തെ കയറിയവന്‍ ഡോറിന്റെ ഭാഗത്ത്‌നിന്ന് മാറാത്തതുകൊണ്ട് കയറിപ്പറ്റാന്‍ പെടാപ്പാടാണ്. ഇവരോട് മാറാന്‍ പറഞ്ഞാല്‍ കൂട്ടം ചേര്‍ന്ന്  തല്ലും. തിരക്കിലെ പോക്കറ്റടിക്കാരുടെ സംഘം വേറെയും. അറിയാതെ കാലില്‍ ചവിട്ടിപ്പോയാലോ ദേഹത്ത് തട്ടിയാലോ തുടങ്ങുന്ന വഴക്കുകള്‍ പൊരിഞ്ഞ അടിയില്‍ എത്തുന്നത് കണ്ട് നില്‍ക്കേണ്ടി വന്നിട്ടുണ്ട്.

നാല് കോടിയിലേറെ വരുന്ന മുംബൈയിലെ ജനങ്ങളുടെ ജീവിതം ചലിപ്പിക്കുന്നത് ഈ ട്രെയിനുകളാണ്. ദിവസം 75 ലക്ഷത്തോളം ആളുകള്‍ ജീവിതം പുലര്‍ത്താന്‍ ലോക്കലില്‍ യാത്രചെയ്യുന്നു. ഓരോ വര്‍ഷവും 3500ല്‍ അധികം പേര്‍ ലോക്കല്‍ ട്രെയിനിടിച്ചും ട്രാക്കില്‍ വീണും മരിക്കുന്നു എന്നാണ് കണക്ക്. അതായത് ദിവസം ശരാശരി 10 പേരുടെ ജീവിതം മുംബൈയിലെ ട്രാക്കുകളില്‍ പൊലിയുന്നു.

മുബൈയില്‍ 20 ലക്ഷത്തോളം മലയാളികളുണ്ട്. നഗരത്തിനകത്തെ വീട്ടുവാടക മധ്യവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് താങ്ങാന്‍ ആകില്ല. മുംബൈക്ക് പുറത്ത് കല്യാണിലും വസായിലും പന്വേകല്‍ ഭാഗത്തുമൊക്കെ താമസിച്ച് രാവിലെ ലോക്കല്‍ ട്രെയിനില്‍ ജോലിക്കായി സിഎസ്റ്റിയിലേക്കും പരേലിലേക്കുമൊക്കെ പോകുന്നവരാണ് അധികവും.

ബിബിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തു മ്പോള്‍ ക്യാമറാമാന്‍ ഹരിയുടെ കൈകള്‍ വിറയ്ക്കുന്നതും തളര്‍ന്ന് അടുത്തുള്ള കസേരയില്‍ ഇരിക്കുന്നതും ശ്രദ്ധിച്ചു.

തിരികെ ഓഫീസിലേക്ക് വരുമ്പോള്‍ വണ്ടിയില്‍ വച്ച് അവന്‍ പറഞ്ഞു. നാളെ ചിലപ്പോള്‍ നമ്മളാവും ബിബിന്‍. അതെ. മുബൈക്കാരുടെ ലോക്കല്‍ യാത്ര ജീവനും കൈയില്‍ പിടിച്ചാണ്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു, കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എസിഐടി
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും