ഓണനാളുകളിലേക്ക് മിഴിതുറന്ന് പൊന്നിന്‍ ചിങ്ങമെത്തി

By Web DeskFirst Published Aug 17, 2016, 1:37 AM IST
Highlights

കാര്‍ഷിക സംസ്‌കാരത്തിന്റേയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒരു പൊന്നിന്‍ചിങ്ങം കൂടി പിറന്നു. കാര്‍ഷിക സമൃദ്ധി കടകളിലെ അന്യസംസ്ഥാന പച്ചക്കറികളിലേക്ക് ഒതുങ്ങിയെങ്കിലും ഓണ ആഘോഷത്തെ ഹൈടെക്ക് ആക്കാനുള്ള ഒരുക്കത്തിലാണ് മലയാളി.

ഏത് നാട്ടില്‍ കഴിഞ്ഞാലും വീടേതു മാറിയാലും മലയാളിയുടെ മനസില്‍ ഒരിക്കലും വറ്റാത്ത വികാരമാണ് ചിങ്ങമാസവും പൊന്നോണവും. മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളുവുമെല്ലാം മലയാളി മനസിനെ ഉണര്‍ത്തുന്ന ഓര്‍മ്മരകള്‍. കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം കൂടിയാണ് ചിങ്ങം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്. മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ മനുഷ്യര്‍ മാത്രമല്ല, പ്രകൃതിയും അണിഞ്ഞൊരുങ്ങുന്ന മാസം. നിറയെ പൂത്തു നില്‍ക്കുന്ന തുമ്പയും തെച്ചിയും ചെമ്പകവുമെല്ലാം മാവേലി മന്നനായി കാത്തിരിക്കുന്നു. അത്തം പിറന്നു കഴിഞ്ഞാല്‍ മുറ്റം നിറയെ പൂക്കളങ്ങള്‍. പത്താം നാള്‍ തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ ആമോദത്തോടെ വാണ ആ പഴയ കാലത്തിന്റെ ഓര്‍മ്മ വീണ്ടും മലയാള നാട്ടില്‍ ഐശ്വര്യവും സമൃദ്ധിയും നിറയ്ക്കുന്നു. തുഞ്ചന്റെ കിളിമകള്‍ പാടി വളര്‍ത്തിയ മലയാള ഭാഷയുടെ ദിനം കൂടിയാണ് ചിങ്ങം ഒന്ന്. കാലം മാറിയാലും ശീലങ്ങള്‍ മാറ്റാത്ത മലയാളി ചിങ്ങത്തെ നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു, സമ്പല്‍സമൃദ്ധിയുടെ നല്ല ഓര്‍മ്മകളുമായി.

click me!