5 വർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് വിധേയയായ ഉഷയുടെ വയറ്റിൽ നിന്നും കത്രിക കണ്ടെത്തി. നിരന്തരമായ വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ചികിത്സാപ്പിഴവ് വ്യക്തമായത്. സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് കുടുംബം.

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതര ചികിത്സാപ്പിഴവിന് ഇരയായ ഉഷയുടെ ശസ്ത്രക്രിയ ഇന്നു തന്നെ ഉണ്ടായേക്കുമെന്ന് മകൻ ഷിബിൻ. രാവിലെ വിദ​ഗ്ദ ഡോക്ട‌‍‍‌‌‍ർമാർ എത്തിയതിന് ശേഷമായിരിക്കും എപ്പോഴാണ് ശസ്ത്രക്രിയ നടത്തേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കുക. നിയമപരമായിത്തന്നെ മുന്നോട്ടു പോകും. ഡോക്ടർക്കെതിരെ നടപടി വേണമെന്നും ആരോഗ്യമന്ത്രി ഇതുവരെ ഇടപെട്ടിട്ടില്ല എന്നും മകൻ പറഞ്ഞു. പണമില്ലാത്തതുകൊണ്ടാണ് സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നത്. പാവപ്പെട്ടവർക്ക് മാത്രമല്ലേ കഷ്ടപ്പാട്. അല്ലാത്തവർക്ക് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറില്ലല്ലോ? മൂത്രത്തിൽ കല്ലെന്ന് സംശയിച്ച് ഡോക്ട‌ർമാ‌ർ പറഞ്ഞാണ് എക്സ്റേ എടുത്തത്. ഇന്ന് പൊലീസിൽ ഔദ്യോ​ഗികമായിത്തന്നെ പരാതി നൽകുമെന്നും മകൻ പറഞ്ഞു.

5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ പുന്നപ്ര സ്വദേശി ഉഷാ ജോസഫിന്റെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. 2021 മെയ് 5 നാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജില്‍ ഇവർ ശസ്ത്രക്രിയക്ക് വിധേയമായത്. ഗർഭ പാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായിരുന്നു ഇത്. എന്നാല്‍ ശസ്ത്രക്രിയക്ക് പിന്നാലെ നിരന്തരം വയറു വേദന അനുഭവപ്പെടുകയായിരുന്നു. വർഷങ്ങളായി വേദനയ്ക്ക് മരുന്നു കഴിച്ചാണ് മുന്നോട്ടു പോയിരുന്നത്. പിന്നീട് ബുധനാഴ്ച എക്സറെ എടുത്തപ്പോഴാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്. സംഭവത്തില്‍ പരാതി നല്‍കുമെന്നാണ് യുവതിയുടെ കുടുംബം പറയുന്നത്.

വേദന കാരണം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിയെങ്കിലും മൂത്രത്തിൽ കല്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്ന് മടക്കി അയച്ചിരുന്നു എന്നാണ് ഇവർ പറയുന്നത്. സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് കത്രിക കണ്ടെത്തിയത്. വയറ്റില്‍ കത്രിക കണ്ടെത്തിയതിന് പിന്നാലെ തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്ത് കത്രിക പുറത്തെടുക്കാമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വണ്ടാനത്തേക്ക് ശസ്ത്രക്രിയയ്ക്ക് പോകാൻ ഭയമെന്നാണ് ചികിത്സാപിഴവിന് ഇരയായ ഉഷ പറയുന്നത്.