കരിഞ്ചന്തക്കാര്‍ക്ക് യഥേഷ്‌ടം മണ്ണെണ്ണ നല്‍കി വീണ്ടും മല്‍സ്യഫെഡ്

By Web DeskFirst Published Oct 19, 2016, 4:42 AM IST
Highlights

മൊത്തവിതരണക്കാര്‍ കരിഞ്ചന്തയില്‍ മണ്ണെണ്ണ യഥേഷ്ടം എത്തിക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കിയത്. യഥാര്‍ത്ഥ പെര്‍മിറ്റുടമ തിരിച്ചറിയില്‍ രേഖകളുമായി എത്തിയാലേ മണ്ണെണ്ണ നല്‍കാവൂ എന്ന ഉത്തരവിറങ്ങിയിട്ട് ഒരുമാസം പോലുമായില്ല. ഇത്തവണ മൊത്തവിതരണക്കാരല്ല, സര്‍ക്കാരിന്റെ സ്വന്തം മത്സ്യഫെഡ് തന്നെ കൊള്ള നടത്തുന്നു. കൊല്ലം നീണ്ടകരയില്‍ മത്സ്യഫെഡിന്റെ മണ്ണെണ്ണ വിതരണ കേന്ദ്രം. മണ്ണെണ്ണ നാലും അഞ്ചും ബാരലുമായി നിരന്ന്കിടക്കുന്ന ചെറിയ ലോറികള്‍. മാസം 140 ലിറ്റര്‍ മണ്ണെണ്ണ മത്സ്യഫെഡില്‍ നിന്നും അനുവദിച്ച് കിട്ടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് രണ്ട് കന്നാസ് മതി മണ്ണെണ്ണ കൊണ്ടുപോകാന്‍. പിന്നീട് കണ്ട കാഴ്ച ഞെട്ടിച്ചു. മത്സ്യത്തൊഴിലാളികളുടെ കൈയില്‍ നിന്നും പണം കൊടുത്ത് വാങ്ങിയ 20 ലധികം പെര്‍മിറ്റുകളുമായി കരിഞ്ചന്തക്കാരന്‍.

അര്‍ഹതപ്പെട്ട മണ്ണെണ്ണ കിട്ടാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ എത്തി കാത്ത് കെട്ടി നില്‍ക്കുന്ന മത്സ്യത്തൊഴിലാളിയുടെ മുന്നില്‍ കൂടി ആയിരക്കണക്കിന് ലിറ്റര്‍ മണ്ണെണ്ണയുമായി കരിഞ്ചന്തക്കാര്‍ ആരെയും കൂസാതെ പോകുന്ന കാഴ്‌ചയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘത്തിന് കാണാനായത്.

മന്ത്രിയുടെ ഉത്തരവെല്ലാം ചവറ്റ് കുട്ടയിലെറിഞ്ഞാണ് മത്സ്യഫെഡ് ജീവനക്കാര്‍ ഈ കൊള്ളയ്ക്ക് എല്ലാ ഒത്താശയും ചെയ്ത് നല്‍കുന്നത്.

click me!