ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് മോദിയെ ഇല്ലാതാക്കുമെന്ന് ശപഥം ചെയ്ത് മമത ബാനര്‍ജി

By Web DeskFirst Published Nov 28, 2016, 5:50 PM IST
Highlights

ദൈവത്തെ പോലെ നടിക്കുകയാണ് പ്രധാനമന്ത്രി.  എല്ലാവരും ദുരിതമനുഭവിക്കുമ്പോള്‍ അദ്ദേഹം പൊതുജനങ്ങളെ കാര്യമാക്കുന്നില്ല. മമത കുറ്റപ്പെടുത്തി. ഞാന്‍ മരിച്ചാലും ജീവിച്ചാലും ശരി, മോദിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കുമെന്ന് താന്‍ പ്രതിജ്ഞ ചെയ്യുന്നതായും മമത പറഞ്ഞു.

നോട്ട് നിരോധനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുകയാണ്. ബംഗാളിലും ത്രിപുരയിലും കേരളത്തിലും ഇടതു പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചു.  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. നോട്ട് നിരോധനം പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് മമതയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടത്.

പാര്‍ലമെന്‍റില്‍ പ്രതിഷേധം തണുപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് നീക്കം പ്രതിപക്ഷം തള്ളി . പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ ഒത്തുതീർപ്പ് ഫോർമുല .

പ്രധാനമന്ത്രി മുഴുവന്‍ സമയവും പാര്‍ലമെന്‍റിലിരുന്ന് ചര്‍ച്ച കേള്‍ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു . പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു . നോട്ട് അസാധുവാക്കലിനെ തുടർന്നുള്ള സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ ഉപസമിതിക്ക് രൂപം നൽകാൻ കേന്ദ്രസർക്കാർ തീരുമാനം .

click me!