വിവാഹ വീഡിയോ മോര്‍ഫിങ് കേസ്; മുഖ്യപ്രതി അറസ്റ്റില്‍

By Web DeskFirst Published Apr 4, 2018, 10:37 PM IST
Highlights
  • മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി പിടിയില്‍
  • പിടിയിലായത് ഇടുക്കിയില്‍ ഒളിച്ച് കഴിയുന്നതിനിടെ
  • അഞ്ച് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തെന്ന് പോലീസ്
  • കൂടുതല്‍ പ്രതികളുണ്ടെയെന്ന് അന്വേഷിക്കും

ഇടുക്കി: വിവാഹ ചടങ്ങിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി മാറ്റിയ കേസിലെ പ്രധാന പ്രതി ബിബീഷിനെ ഇടുക്കിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. അഞ്ച് ചിത്രങ്ങള്‍ മാത്രമാണ് മോര്‍ഫ് ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍. കോടതി റിമാന്‍റ് ചെയ്ത പ്രതിയെ വിശദമായി ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്തത് സ്റ്റുഡിയോ ഉടമകളുടെ അറിവോടെയെന്ന് പിടിയിലായ വീഡിയോ എഡിറ്റർ പോലീസിനോട് പറഞ്ഞു. 

ഇടുക്കി രാജമുടിയിലുള്ള റബ്ബര്‍ എസ്റ്റേറ്റിലെ ഒറ്റപ്പെട്ട ബന്ധുവീടിനോട് ചേര്‍ന്നുള്ള ചായ്പ്പില്‍ നിന്നാണ് ബിബീഷിനെ വടകര സി.ഐ മധുസൂദനന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുന്നത്. പുലര്‍ച്ചെ അഞ്ചിനാണ് ഇവിടെ എത്തിയ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ വടകരയിലെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തിച്ചു. വടകരയിലെ സദയം സ്റ്റുഡിയോയില്‍ എഡിറ്ററായ ബിബീഷ് അഞ്ച് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഇയാള്‍ ഇത്തരത്തില്‍ രണ്ട് വര്‍ഷമായി മോര്‍ഫിംഗ് ചെയ്യുന്നുണ്ടെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ ചിത്രങ്ങളും മോര്‍ഫ് ചെയ്തവയില്‍ ഉണ്ടാകാമെന്ന് പ്രദേശവാസികള്‍ നേരത്തെ ആശങ്ക പങ്കുവച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കുട്ടികളുടെ ചിത്രങ്ങളൊന്നും പോലീസിന് കണ്ടെത്താനായിട്ടില്ല. സദയം സ്റ്റുഡിയോ ഉടമ ദിനേശനും സഹോദരനും ഫോട്ടോഗ്രാഫറുമായ സതീശനും ബിബീഷ് ഇത്തരത്തില്‍ മോര്‍ഫ് ചെയ്യുന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിബീഷ് സ്വന്തമായി പുറമേറിയില്‍ സ്റ്റുഡിയോ തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. ഇതിലുള്ള വിരോധത്തിലാണ് സതീശന്‍ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. 

ദിനേശനെയും സതീശനെയും രണ്ട് ദിവസം മുൻപ് തൊട്ടിൽപാലത്തുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടികൂടിയത്.  പ്രധാന പ്രതി ബിബീഷിന്‍റെ അറസ്റ്റ് വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പ്രതി സ്വന്തം ഫോണ്‍ ഉപയോഗിക്കാതെ മറ്റൊരു ഫോണ്‍ ഉപയോഗിച്ചതാണ് അറസ്റ്റ് വൈകാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. ഈ മൊബൈല്‍ ഫോണിന്‍റെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കിയാണ് പോലീസ് സംഘം രാജമുടിയില്‍ എത്തുന്നതും ബിബീഷിനെ അറസ്റ്റ് ചെയ്യുന്നതും.

കോടതിയില്‍ ഹാജറാക്കിയ ബിബീഷിനെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. അതേസമയം കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്തത് സ്റ്റുഡിയോ ഉടമകളുടെ അറിവോടെയെന്ന് പിടിയിലായ വീഡിയോ എഡിറ്റർ. ഒളിവിൽ പോയ ബിബീഷ് പിടിയിലായത് ഇടുക്കിയിലെ ഭാര്യ വീട്ടിനടുത്തുള്ള വനത്തിൽ വെച്ച്.  കേസില്‍ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

 

click me!