
ബംഗളൂരു: വാലന്റൈൻ ദിനത്തിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഭർത്താവ് 15 വർഷങ്ങൾക്ക് ശേഷം പിടിയില്‍. നാല്‍പ്പത്തിരണ്ടുകാരനായ തരുൺ ജിനാരാജിനെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ആറ് വർഷമായി പേരും വിലാസവും മാറ്റി മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ബംഗളൂരുവിൽ താമസിച്ചുവരികെയാണ് തരുൺ അറസ്റ്റിലായത്.
2003 ഫെബ്രുവരി 14നാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. ബാസ്ക്കറ്റ് ബോൾ പരിശീലകനായിരുന്ന തരുൺ മൂന്ന് മാസം മാത്രം ഒരുമിച്ച് താമസിച്ച ഭാര്യ സജിനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മോഷണ ശ്രമത്തിനിടയിൽ സംഭവിച്ച കൊലപാതകമാക്കി തരുൺ നാട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞ് വിശ്വസിപ്പിച്ചു. ശേഷം ഭാര്യയുടെ അക്കൗണ്ടിലെ 11,000 രൂപയും പിൻവലിച്ച് തരുൺ നാടുവിടുകയായിരുന്നു.
എന്നാൽ, മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കാണിച്ച് സജിനിയുടെ ബന്ധുക്കൾ പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് 14 വർഷം തരുണിന് വേണ്ടിയുള്ള അന്വേഷണത്തിൽ ആയിരുന്നു പൊലീസ്. ഇയാൾ അറസ്റ്റിലാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് തരുണിന്റെ അമ്മ അന്നമ്മ ചാക്കോയെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടർന്ന് കോൾ ലിസ്റ്റിൽ നിന്ന് തരുണിന്റെ നിലവിലത്തെ ഭാര്യ നിഷയുടെ നമ്പർ കണ്ടെത്തുകയായിരുന്നു. മറ്റൊരു കോള്‍ ബംഗളൂരുവിലെ ഒറാക്കിള്‍ സ്ഥാപനത്തിന്റെയും ആയിരുന്നു. എന്നാല്‍ ആ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അവിടെ തരുണ്‍ എന്ന പേരില്‍ ആരും ജോലി ചെയ്യുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.
നിഷയുടെ നമ്പറിന്റെ സഹായത്തോടെ മേല്‍വിലാസം കണ്ടെത്തുകയും എന്നാല്‍ പ്രവീണ്‍ ബട്ടാലിയ എന്ന ആളാണ് നിഷയുടെ ഭര്‍ത്താവെന്ന് പൊലീസ് മനസ്സിലാക്കുകയായിരുന്നു. ഇയാളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഒന്നും തന്നെ ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് വീണ്ടും ഒറാക്കിൾ കമ്പനിയിൽ അന്വേഷണം നടത്തുകയും പ്രവീണ്‍ ഭട്ടാലിയ എന്നയാള്‍ തന്നെയാണ് തരുണെന്ന് പൊലീസ് കണ്ടെത്തുകയുമായിരുന്നു. മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചെന്ന് പറഞ്ഞായിരുന്നു തരുണ്‍ നിഷയെ വിവാഹം ചെയ്തത്. മാതാപിതാക്കള്‍ കാണാന്‍ വരുമ്പോള്‍ ബന്ധുക്കളാണെന്ന് പറഞ്ഞാണ് അദ്ദേഹം പരിചയപ്പെടുത്തിയിരുന്നതെന്ന് നിഷ പൊലീസിനോട് പറഞ്ഞു. രണ്ടാം ഭാര്യയിൽ ഇയാൾക്ക് രണ്ടു കുട്ടികളുമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam