
കോഴിക്കോട്: ഖുറാനെ അനുബന്ധമാക്കി സംസ്കൃത പഠനം നടത്തിയ പേരാമ്പ്ര സ്വദേശിയ്ക്ക് ഡോക്റ്ററേറ്റ്. സംസ്കൃത സാഹിത്യത്തിലാണ് ഡോക്റ്ററേറ്റ്. സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബത്തില്‍ നിന്ന് കഠിനാധ്വനം മുഖമുദ്രയാക്കി വേറിട്ട വഴിയിലൂടെ സഞ്ചരിച്ചാണ് പേരാമ്പ്ര നൊച്ചാട് പാറച്ചോല സ്വദേശി പി.എം.ഷംസീറിന്‍റെ ഡോക്റ്ററേറ്റ് നേട്ടം. കാലടി സര്‍വ്വ കലാശാലയില്‍ നിന്ന് ഡോ: ഇ. സുരേഷ് ബാബുവിന്‍റെ കീഴിലാണ് സാമ്പത്തിക വിനിമയത്തിന്‍റെ രീതി ശാസ്ത്രം ഖുറാനിലും അര്‍ത്ഥ ശാസ്ത്രയിലും എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്.
ഖുറാനെ അനുബന്ധമാക്കി സംസ്കൃതത്തില്‍ നടത്തുന്ന ആദ്യ പഠനമായാണ് ഷംസീറിന്‍റെ ഗവേഷണത്തെ കണക്കാക്കുന്നത്. നൊച്ചാട് എഎംഎല്‍പി, വെള്ളിയൂര്‍ എയുപി, നൊച്ചാട് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് ഹയര്‍ സെക്കൻഡറി വരെ പഠനം പൂര്‍ത്തിയാക്കുകയും കാലടി സര്‍വ്വ കലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കുകയും കാലടി സര്‍വ്വകലാശാല ക്യാംപസില്‍ എംഫില്‍, പിഎച്ച്ഡിയും പൂര്‍ത്തിയാക്കുകയും ചെയ്തു.
നിലവില്‍ തൃശൂര്‍ സംസ്കൃത കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി സേവനമനുഷ്ടിക്കുകയാണ് ഷംസീര്‍. ഭാര്യ സൗദത്ത് കാലടി സര്‍വ കലാശാലയില്‍ തന്നെ ഐസിഎച്ച്ആര്‍ സ്കോളര്‍ഷിപ്പോടെ ചരിത്രത്തില്‍ ഗവേഷണ വിദ്യാർഥിയാണ്. പ്രവാസിയായ പിതാവും മാതാവും രണ്ട്സഹോദരിമാരും അടങ്ങുന്നതാണ് ഷംസീറിന്റെ കുടുംബം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam