ഈ വർഷം എൽ നിനോ ഉണ്ടാകുമെന്നും ഇത് ഇന്ത്യയിലെ മൺസൂൺ മഴയിൽ കുറവുണ്ടാക്കാൻ സാധ്യതയുണ്ടെന്നും യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ തന്നെ മഴക്കുറവ് പ്രകടമായേക്കാമെന്നും തുടർന്നുള്ള മാസങ്ങളിൽ എൽ നിനോയുടെ സാധ്യത 80 ശതമാനമായി ഉയരുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകുന്നു. 

ദില്ലി: ഈ വർഷത്തെ ആദ്യത്തെ മൺസൂൺ പ്രവചനവുമായി യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസി. ഇത്തവണ എൽ നിനോ ഉണ്ടാകുമെന്നും ഏജൻസി പ്രവചിച്ചു. ഇന്ത്യയിൽ മൺസൂൺ മഴയിൽ കുറവ് ഉണ്ടാകുമെന്നും ജൂൺ-ഓഗസ്റ്റ് ക്വാർട്ടറിൽ തന്നെ മഴക്കുറവ് പ്രകടമാകുമെന്നും മഴക്കുറവ് രൂക്ഷമാകുമെന്നുമാണ് പ്രവചനം. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് കീഴിലുള്ള ക്ലൈമറ്റ് പ്രെഡിക്ഷൻ സെന്റർ വ്യാഴാഴ്ച പുറത്തിറക്കിയ കുറിപ്പിൽ, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും പ്രവചിച്ചു. തുടർന്നുള്ള മാസങ്ങളിൽ 80 ശതമാനമായി ഉയരുമെന്നും പറയുന്നു. ഫെബ്രുവരി 12-ന് പുറപ്പെടുവിച്ച അപ്‌ഡേറ്റിനേക്കാൾ ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 52 ശതമാനമായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ ഇത് 60% ആയി ഉയർന്നു.

അടുത്ത രണ്ട് മാസത്തിനുള്ളിൽ വ്യക്തമായ ചിത്രം പുറത്തുവരുമെങ്കിലും, ഐഎംഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ പ്രവചന പ്രകാരം ഈ വർഷം ഒരു എൽ നിനോ ഉണ്ടാകുമെന്നാണ് സൂചന. ഇന്ത്യയിലെ മൺസൂൺ മഴയുടെ കുറവ് എൽനിനോയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സർക്കാർ അതിനനുസരിച്ച് തയ്യാറെടുക്കണമെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറിയും മുതിർന്ന കാലാവസ്ഥാ നിരീക്ഷകനുമായ എം രാജീവൻ പറഞ്ഞു.

പസഫിക് സമുദ്രത്തിലെ മധ്യ-കിഴക്കൻ ഭൂമധ്യരേഖാ ജലത്തിന്റെ താപനില വർധിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. കാറ്റിന്റെ പാറ്റേണുകളിലെ മാറ്റങ്ങൾ ഇതിന് കാരണമാകുന്നു. ഇവയെല്ലാം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സാരമായി ബാധിക്കും. 1980 മുതൽ, 14 എൽ നിനോ വർഷങ്ങൾ ഉണ്ടായി. അതിൽ ഒമ്പത് വർഷങ്ങളിൽ ഇന്ത്യയിൽ ദീർഘകാല ശരാശരിയിൽ 10% എങ്കിലും കുറഞ്ഞ മഴയ്ക്ക് കാരണമായി. കേരളത്തിൽ പ്രളയമുണ്ടായ 2018ൽ, രാജ്യത്താകമാനം മൺസൂൺ -9.4% എന്ന തോതിൽ കുറവായിരുന്നു.

എന്നാൽ, 1997ൽ, അതിശക്തമായ എൽ നിനോ ഉണ്ടായിരുന്നിട്ടും മൺസൂൺ സാധാരണമായിരുന്നുവെന്നും രാജീവൻ പറഞ്ഞു. ഓരോ സീസണിനും സവിശേഷമായ സാഹചര്യമാണെന്നും രാജീവൻ പറഞ്ഞു. ഈ വർഷം അവസാനത്തോടെ വളരെ ശക്തമായ 'സൂപ്പർ' എൽ നിനോയ്ക്ക് സാധ്യതയുള്ളതിനാൽ പസഫിക് സമുദ്രത്തിൽ കൂടുതൽ വേഗത്തിലുള്ള താപനം ഉണ്ടാകുമെന്നും ഇത് അഭൂതപൂർവമായ ഉഷ്ണതരംഗങ്ങൾക്ക് കളമൊരുക്കുമെന്നും യൂറോപ്യൻ സെന്റർ ഫോർ മീഡിയം-റേഞ്ച് വെതർ ഫോർകാസ്റ്റ്‌സിന്റെ പ്രസ്താവനക്ക് വിരുദ്ധമായാണ് യുഎസ് ഏജൻസിയുടെ പ്രവചനം.