
ഭോപ്പാൽ: ആറ് മാസത്തിന് മുമ്പ് വാങ്ങിയ സ്വന്തം ഫ്ലാറ്റിലെത്തിയ ഉടമ കണ്ടത് അജ്ഞാത മൃതദേഹം. രാംവീർ സിംഗ് രജ്പുത് എന്നയാളാണ് ആറ് മാസം മുമ്പ് ഈ ഫ്ലാറ്റ് വാങ്ങിയത്. ഞായറാഴ്ച വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ആറ് മാസം പഴക്കമുള്ള മൃതദേഹം സ്ത്രീയുടേതോ പുരുഷന്റേതോ എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഭോപ്പാലിലെ ബാഗ്സെവാണിയിലാണ് സംഭവം.
ഭോപ്പാലിൽ ഗതാഗതവകുപ്പിൽ ജീവനക്കാരിയായ വിമല ശ്രീവാസ്തവയും മകനുമാണ് 2003 മുതൽ ഈ ഫ്ളാറ്റിൽ താമസിച്ചിരുന്നത്. ആറ് മാസം മുമ്പ് രാംവീർ സിംഗ് രജ്പുതിന് ഇവർ ഫ്ലാറ്റ് വിറ്റു. ഇവിടെയുണ്ടായിരുന്ന വീട്ടുസാധനങ്ങൾ മാറ്റാൻ സാവകാശം ആവശ്യപ്പെട്ടതിനെ തുടർന്നാണ് രജ്പുത് ആറ്മാസത്തെ സമയം നൽകിയത്. എന്നാൽ മറുപടി ഇല്ലാതായതോടെ ഡൂപ്ലിക്കേറ്റ് കീയുമായെത്തി ഇയാൾ ഫ്ലാറ്റ് തുറന്നു. വൃത്തിയാക്കുന്നതിനിടെയാണ് കട്ടിലിന്റെ അടിയിലുള്ള അറയിൽ പൊതിഞ്ഞു വച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ മുതൽ വിമല ശ്രീവാസ്തവയുടെ മകനായ അമിതിനെ കാണാനില്ലെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു.
മൃതശരീരം തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്ത് പറയാൻ സാധിക്കൂ എന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. മൃതദേഹത്തിൽ നിന്നും നീണ്ട തലമുടി കണ്ടെത്തിയിട്ടുണ്ട്. ബെഡ്ഡിനുള്ളിൽ പൊതിഞ്ഞ് പുതപ്പും തുണിയും കൊണ്ട് മൂടി കട്ടിലിന്റെ അടിയിൽ ഒളിച്ചു വച്ച രീതിയിലായിരുന്നു മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam