
ഗുവാഹത്തി: തിയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിച്ച സമയത്ത് എഴുന്നേറ്റ് നിന്നില്ലെന്ന കാരണത്താൽ സെറിബ്രൽ പാൾസി ബാധിച്ച് ജീവിതം വീൽചെയറിലായ ആളെ പാകിസ്ഥാനിയെന്ന് അധിക്ഷേപിച്ചെന്ന് ആരോപണം. ഗുവാഹത്തിയിലെ മൾട്ടിപ്ലക്സ് തിയറ്ററിൽ കുടുംബസമേതം സിനിമ കാണാനെത്തിയ അർമാൻ അലിക്കാണ് ഇൗ ദുരനുഭവം. ശിശു സരോദി എന്ന സന്നദ്ധ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് അർമാൻ അലി. 36ാം വയസിൽ സെറിബ്രൽ പാര്‍സി ബാധിച്ച അലിയുടെ ജീവിതം 2010 മുതൽ വീൽചെയറിലാണ്.
ദേശീയ ഗാനം ആരംഭിച്ചപ്പോൾ വീൽചെയറിലായിരുന്ന തന്നെ പിറകിൽ സിനിമ കാണാൻ ഇരുന്നയാൾ പാക്കിസ്ഥാനി എന്ന് അധിക്ഷേപിക്കുകയായിരുന്നുവെന്ന് അലി പറയുന്നു. തന്റെ മുന്നിൽ ഒരു പാക്കിസ്ഥാനി ഇരിക്കുന്നുവെന്നായിരുന്നു ഇയാളുടെ പരിഹാസം. അലി ശാന്തനായിരിക്കുകയും മറ്റേയാൾ സിനിമ അവസാനിക്കുന്നതിന് പത്ത് മിനിറ്റ് മുമ്പ് തിയറ്റർ വിടുകയും ചെയ്തു.
രാജ്യത്തെ നിലവിലുള്ള സാഹചര്യം കാരണം അയാളുമായി തർക്കത്തിന് പോയില്ല. ജനക്കൂട്ടം കൈയേറ്റം നടത്തി ശിക്ഷ വിധിക്കുന്ന കാലത്ത് ചെറിയ പ്രകോപനം പോലും തനിക്കെതിരെ തിരിയാൻ ഇടയാക്കും. പ്രത്യേകിച്ചും താൻ ഒരു മുസ്ലിമാണെന്ന് അറിഞ്ഞാൽ, അലി പറയുന്നു. എന്നാൽ തനിക്കുണ്ടായ അനുഭവം അലി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുപറയുകയും അത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ചയാവുകയും ചെയ്തു.
വടക്ക് കിഴക്കൻ മേഖലയിലെ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് സജീവമായി പ്രവർത്തിക്കുന്നയാളാണ് അലി. തിയറ്ററിൽ ദേശീയഗാനത്തിന് എഴുന്നേറ്റ് നിൽക്കണമെന്ന് കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വൈകല്യമുള്ളവരെ എഴുന്നേറ്റ് നിൽക്കുന്നതിൽ ഒഴിവാക്കി കോടതി ഉത്തരവ് പിന്നീട് മാറ്റം വരുത്തിയിരുന്നു. സർക്കാർ ഇറക്കിയ മാർഗരേഖയിലും ദേശീയ ഗാനസമയത്ത് വൈകല്യമുള്ളവർ പരമാവധി ശ്രദ്ധയോടെ നിലവിലുള്ള അവസ്ഥയിൽ തുടർന്നാൽ മതിയെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam