
താനെ: കോടികളുടെ സ്വത്ത് സ്വന്തമാക്കുവാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ ഭാര്യയെ പൊലീസ് പിടികൂടി. മുംബൈ കല്ല്യാണിലെ ശങ്കര്‍ ഗെയ്ക്ക്വാദ് എന്ന നാല്‍പ്പതുകാരന്‍റെ മൃതദേഹം ജൂണ്‍ ഒന്നിന് കണ്ടെത്തിയിരുന്നു. മെയ് 18ന് ശേഷം ഇയാളെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടക്കവേയാണ് മൃതദേഹം ലഭിച്ചത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് ശങ്കറിന്‍റെ ഭാര്യ ആശ, സഹായി ഹിമാന്‍ഷു ദൂബെ എന്നിവരെയും ക്വട്ടേഷന്‍ നടപ്പിലാക്കിയ നാലുപേരെയും പോലീസ് പിടികൂടിയത്.
സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, ശങ്കര്‍ സ്വന്തം പേരിലുള്ള സ്വത്തുക്കളില്‍ ഭൂരിഭാഗവും ആശയുടെ പേരില്‍ എഴുതിവച്ചിരുന്നു. എന്നാല്‍ ധൂര്‍ത്ത ജീവിതം നയിച്ച ആശ ഇതെല്ലാം വിറ്റു തുലച്ചതിനുശേഷം 15 കോടി വിലവരുന്ന ശങ്കറിന്‍റെ വസ്‌തുവില്‍ കണ്ണുവച്ചു.
ഇത് എഴുതിനല്‍കാന്‍ പലവട്ടം നിര്‍ബന്ധിച്ചെങ്കിലും അച്‌ഛന്‍റെ സമ്പാദ്യമായിരുന്നതിനാല്‍ ഗെയ്‌ക്ക്‌വാദ് വഴങ്ങിയില്ല. ഇതേച്ചൊല്ലി ദമ്പതികള്‍ വഴക്കിടുകയും ചെയ്‌തു. ഭാര്യയുടെ ഫോണ്‍ ചാറ്റിന്‍റെ പേരിലും ഇവര്‍തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിനെ വകവരുത്തി സ്വത്ത് തട്ടിയെടുക്കാന്‍ തന്ത്രം മെനഞ്ഞ ആശ 30 ലക്ഷം രൂപയ്‌ക്ക് ഹിമാന്‍ഷു ദുബെയ്‌ക്കു ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നു പോലീസ് പറയുന്നു.
നാലു ലക്ഷം രൂപ ദുബെയ്‌ക്കും സംഘത്തിനും മുന്‍കൂറായി നല്‍കിയശേഷം കഴിഞ്ഞമാസം 18 ന് ഗെയ്‌ക്ക്‌വാദിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശ ബദ്‌ലാപുര്‍ പട്ടണത്തിലെത്തി. ക്വട്ടേഷന്‍ സംഘത്തിന്റെ നിര്‍ദേശാനുസരണം മയക്കുമരുന്നു ചേര്‍ത്ത ശീതളപാനീയം നല്‍കി ആശ ഭര്‍ത്താവിനെ അബോധാവസ്‌ഥയിലാക്കി. പിന്നീട് ഇരുമ്പുദണ്ഡിനു തലയ്‌ക്കടിച്ചശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വിജനമേഖലയില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നു പോലീസ് പറഞ്ഞു.
ഇതിനുശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ആശ കഴിഞ്ഞ 21 നു പോലീസില്‍ പരാതിനല്‍കി. എന്നാല്‍ ഗെയ്‌ക്ക്‌വാദിന്‍റെ ബന്ധുക്കളില്‍ ചിലര്‍ ആശയുടെ വസ്‌തുവില്‍പ്പന അടക്കമുള്ള മുന്‍കാലചരിത്രം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചത് കാര്യങ്ങള്‍ തകിടംമറിച്ചു. ആശയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ് അവരുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച് ചോദ്യം ചെയ്‌തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam