രാജ്യത്തെ ജനനനിരക്ക് വർധിപ്പിക്കാനായി ചൈന പുതിയ നയം നടപ്പിലാക്കുന്നു. 2026 ജനുവരി ഒന്നുമുതൽ കോണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾക്ക് 13% വിൽപ്പന നികുതി ചുമത്താനാണ് തീരുമാനം.
ബീജിങ്: ജനസംഖ്യാ വർധിപ്പിക്കാനായി കടുത്ത നടപടിയുമായി ചൈന. മൂന്ന് പതിറ്റാണ്ടായി ചൈനയിൽ നിലനിന്നിരുന്ന ഇളവ് അവസാനിപ്പിച്ച് 2026 ജനുവരി 1 മുതൽ കോണ്ടം, ഗർഭനിരോധന ഗുളികകൾ, ഗർഭനിരോധന മാർഗ്ഗങ്ങൾ എന്നിവയ്ക്ക് 13% വിൽപ്പന നികുതി ഏർപ്പെടുത്താൻ ചൈന ഒരുങ്ങുന്നു. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് തടയുന്നതിനും പ്രായമാകുന്നവരുടെ ജനസംഖ്യയു വർധനവിന്റെയും തൊഴിൽ ശക്തി കുറയുന്നതിന്റെയും ദീർഘകാല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതാണ് നടപടി.
നികുതി മാറ്റത്തോടൊപ്പം, പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങളും പരിഗണിക്കും. ചൈൽഡ് കെയർ സേവനങ്ങൾ, വയോജന പരിചരണ സ്ഥാപനങ്ങൾ, വൈകല്യ സേവന ദാതാക്കൾ എന്നിവയ്ക്കുള്ള നികുതി ഇളവുകൾ, ബീജിംഗ് പോലുള്ള പ്രധാന നഗരങ്ങളിൽ 128 ദിവസത്തിൽ നിന്ന് 158 ദിവസമായി പ്രസവാവധി വർധിപ്പിക്കുകയും ചെയ്യും. 30 ദിവസത്തെ ശമ്പളത്തോടുകൂടിയ പിതൃത്വ അവധിയും നിർദ്ദേശിച്ചിട്ടുണ്ട്. സർക്കാർ നടപടികൾ ഉണ്ടായിട്ടും, സാമ്പത്തിക ഭാരമാണ് ദമ്പതികളെ കുട്ടികൾ എന്ന ആഗ്രഹത്തിൽ നിന്നകറ്റുന്നത്. വെല്ലുവിളി നിറഞ്ഞ തൊഴിൽ വിപണിയും ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവും നിരവധി യുവാക്കളെ കുടുംബം തുടങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നു.
ചൈന പതിറ്റാണ്ടുകളായി നടപ്പിലാക്കിയിരുന്ന ഒരു കുട്ടി നയത്തിൽ നിന്ന് പൂർണമായ പിന്മാറ്റമാണ് പുതിയ തീരുമാനം. 2016 ജനുവരിയിൽ അവസാനിച്ച നയം ജനനനിരക്കിൽ കുത്തനെ ഇടിവുണ്ടാക്കി. ഒന്നിലേറെ കുട്ടികളുള്ള ദമ്പതികൾക്ക് കനത്ത പിഴകൾ, നിർബന്ധിത ഗർഭഛിദ്രങ്ങൾ, വന്ധ്യംകരണം തുടങ്ങിയ ശിക്ഷകളും ഉൾപ്പെട്ടിരുന്നു. രണ്ടാമതും മൂന്നാമതും ജനിക്കുന്ന കുട്ടികൾക്ക് പലപ്പോഴും ഔദ്യോഗിക രജിസ്ട്രേഷൻ ഇല്ലായിരുന്നു. ഈ പ്രശ്നം ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യാത്ര എന്നിവയ്ക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി.
2015-ൽ രണ്ട് കുട്ടികൾക്കും 2021-ൽ മൂന്ന് കുട്ടികൾക്കും മാത്രമുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചതിനുശേഷവും ചൈനയുടെ ജനസംഖ്യ കുറയുന്നത് തുടരുകയാണ്. ഇപ്പോൾ ഏകദേശം 1.4 ബില്യൺ ആളുകൾ വസിക്കുന്ന രാജ്യത്ത് തുടർച്ചയായി മൂന്ന് വർഷമായി ജനസംഖ്യ കുറയുന്നു.
