മെട്രോ യാത്രയ്ക്കിടെ കാണാതായ പഴ്സ്, ഉടമയെ തേടിയെത്തി ഒപ്പമൊരു സന്ദേശവും

By Web DeskFirst Published Mar 28, 2018, 7:02 PM IST
Highlights
  • മെട്രോ യാത്രയ്ക്കിടെ കാണാതായ പഴ്സ്, 11 ദിവസങ്ങള്‍ക്ക് ശേഷം ഉടമയെ തേടിയെത്തി
  • പണവും എടിഎം കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം വച്ചിരുന്ന പഴ്സാണ് കാണാതെ പോയത്

ദില്ലി: രാജ്യതലസ്ഥാനത്ത് നിന്നുള്ള മെട്രോയാത്രയ്ക്കിടെയാണ് ഇരുപത്തിനാലുകാരന്റെ പഴ്സ് നഷ്ടമായത്. എന്നാല്‍ പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒന്നു തന്നെ നഷ്ടമാകാതെ ആ പഴ്സ് തിരികെ കിട്ടുമെന്ന് ഗുര്‍പ്രീത് സിംഗിന് തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല. ലാജ്‍പത് നഗറില്‍ നിന്ന് സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് വരെയുള്ള യാത്രയ്ക്കിടയില്‍ എവിടെയാണ് പഴ്സ് നഷ്ടമായതെന്ന് ഗുര്‍പ്രീതിന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. മാര്‍ച്ച് 15നാണ് ലാജ്‍പത് നഗറില്‍ ഇറങ്ങുമ്പോഴാണ് പണവും എടിഎം കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുമെല്ലാം വച്ചിരുന്ന പഴ്സ് കാണാതെ പോയത്. 

ഉടന്‍ തന്നെ മെട്രോയുടെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ട ഗുര്‍മീതിനോട് ട്രെയിന്‍ അവസാന സ്റ്റേഷന്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പഴ്സ് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍ ഗുര്‍മീതിനെ അമ്പരപ്പിച്ചാണ് മാര്‍ച്ച് 26 ന് ഒരു പോസ്റ്റ് എത്തുന്നത്. നോയിഡ സ്വദേശിയായ സിദ്ദാര്‍ത്ഥ് മേത്തയുടേതായിരുന്നു ആ പോസ്റ്റ്. ഗുര്‍മീതിന്റെ നഷ്ടമായ പഴ്സും ഒരു കത്തുമായിരുന്നു പോസ്റ്റില്‍ ലഭിച്ചത്. 

ട്രെയിനില്‍ നിന്ന് ലഭിച്ച പഴ്സിലെ കാര്‍ഡില്‍ നിന്ന് ലഭിച്ച വിവരങ്ങളനുസരിച്ചായിരുന്നു മേത്ത പഴ്സ് അയച്ചത്. അടുത്ത തവണ പഴ്സ് സൂക്ഷിക്കണം സഹോദരാ എന്നും പോസ്റ്റില്‍ കിട്ടിയ കത്തില്‍ പറയുന്നുണ്ട്. സിദ്ദാര്‍ത്ഥിനെ തിരഞ്ഞു കൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ നിന്നാണ് സംഭവം ലോകമറിയുന്നത്. 

click me!