പൊലീസ് നോക്കി നില്‍ക്കെ ആള്‍ക്കൂട്ടം യുവാവിനെ പൊലീസ് വാഹനത്തില്‍നിന്ന് വലിച്ചിട്ട് അടിച്ച് കൊന്നു

By Web TeamFirst Published Nov 27, 2018, 8:50 PM IST
Highlights

ആള്‍ക്കൂട്ടം യുവാവിനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി അടിച്ച് കൊല്ലുന്നത് നോക്കി നിന്ന പൊലീസ് ഇയാളെ രക്ഷിക്കാന്‍ യാതൊരു നപടിയും സ്വീകരിച്ചില്ല. സംഭവത്തിന്‍റെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

ലക്നൗ: പൊലീസ് നോക്കി നില്‍ക്കെ പൊലീസ് വാഹനത്തില്‍നിന്ന് യുവാവിനെ വലിച്ചിട്ട് അടിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ തിങ്കളാഴ്ചയണ് പൊലീസിന് മുന്നില്‍ ക്രൂര കൊലപാതകം നടന്നത്. ആള്‍ക്കൂട്ടം യുവാവിനെ വാഹനത്തില്‍നിന്ന് വലിച്ചിറക്കി അടിച്ച് കൊല്ലുന്നത് നോക്കി നിന്ന പൊലീസ് ഇയാളെ രക്ഷിക്കാന്‍ യാതൊരു നപടിയും സ്വീകരിച്ചില്ല. സംഭവത്തിന്‍റെ  വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. 

യുവാവിനെ ആക്രമിച്ച ആറ് പേരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കി അ‍ഞ്ച് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാജേന്ദ്ര എന്ന ആളെയാണ് സംഘം ആക്രമിച്ചത്. രാജേന്ദ്ര മദ്യപിച്ച് വഴക്കുണ്ടാക്കുന്നുവെന്ന്  തിങ്കളാഴ്ച വൈകീട്ടാണ് ഹാത്ചോയ ഗ്രാമത്തില്‍നിന്ന് പൊലീസിന് സന്ദേശം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാല്‍ വാഹനത്തില്‍ കയറ്റിയ ഇയാളെ ആള്‍ക്കൂട്ടം വാഹനത്തിനുള്ളിലേക്ക് കൈ നീട്ടി മര്‍ദ്ദിക്കുകയും ഡോര്‍ തുറന്ന് പുറത്തേക്ക് വലിച്ചിടുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

മര്‍ദ്ദനത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ഇയാള്‍ പിന്നീട് മരിച്ചു. പൊലീസിന്‍റെ വീഴ്ച സമ്മതിച്ച എസ് പി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കെതിരെ സസ്പെന്‍ഷന്‍ നടപടി ആരംഭിച്ചതായി അറിയിച്ചു. ആദ്യം ഗ്രാമത്തിലെ ആളുകള്‍ക്കിടയിലെ ശത്രുതയെന്ന് സംഭവത്തെ നിസ്സാരവല്‍ക്കരിക്കാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും വീഡിയോ പ്രചരിച്ചതോടെ പിഴവ് സമ്മതിക്കേണ്ടി വരികയായിരുന്നു. 

click me!