
ജയ്‍പൂര്‍: സുരക്ഷയ്ക്കായി വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത അമ്പതിനായിരം രൂപയുടെ ഹെല്‍മറ്റ് യുവാവിന്റെ ജീവനെടുത്തു. സൂപ്പര്‍ ബൈക്കില്‍ സഞ്ചരിച്ച യുവാവിന് അപകടമുണ്ടായപ്പോള്‍ കൃത്യസമയത്ത് ഹെല്‍മറ്റ് ഊരാന്‍ സാധിക്കാത്തതാണ് ഈ മുപ്പത് വയസുകാരന് ദാരുണാന്ത്യം നല്‍കിയത്. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലാണ് സംഭവം. മസ്തിഷ്ക രക്തസ്രാവത്തെ തുടര്‍ന്ന് രോഹിത്ത് സിങ് ഷേഖാവത്ത് എന്ന യുവാവാണ് മരിച്ചത്. ഓട്ടോമൊബൈല്‍ കമ്പനിയുടെ വില്‍പന വിഭാഗത്തിലെ ജീവനക്കാരനായിരുന്നു രോഹിത്ത്.
ജോലിസ്ഥലത്ത് നിന്ന് വീട്ടിലേയ്ക്ക് മടങ്ങുമ്പോളായിരുന്നു അപകടം. ഇരുപത്തിരണ്ട് ലക്ഷം രൂപയോളം ചെലവിട്ട് വാങ്ങിയ കാവസാക്കി നിന്‍ജ ഇസഡ് എക്സ് 10 ആര്‍ ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡ് മുറിച്ച് കടന്ന രണ്ട് പേരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് രോഹിത്തിന്റെ ബൈക്ക് അപകടത്തില്‍ പെട്ടത്. മറിഞ്ഞതിന് ശേഷം അമ്പത് മീറ്ററിലധികം ബൈക്ക് രോഹിത്തിനെ വലിച്ചു കൊണ്ട് പോയി.
റോഡില്‍ രക്തം വാര്‍ന്ന് കിടന്ന രോഹിത്തിന്റെ തലയില്‍ നിന്ന് ഹെല്‍മറ്റ് ഊരിമാറ്റാന്‍ രക്ഷിക്കാന്‍ ഓടിയെത്തിയവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഹോസ്പിററലില്‍ എത്തിച്ച ശേഷം ഡോക്ടര്‍മാര്‍ ഹെല്‍മറ്റ് മുറിച്ച് മാറ്റുകയായിരുന്നു. അപ്പോഴേയ്ക്കും രോഹിത്ത് മരിച്ചിരുന്നു. അന്‍പതിനായിരം രൂപയിലധികം ചിലവിട്ട് സുരക്ഷയ്ക്കായി വാങ്ങിയ ഹെല്‍മെറ്റാണ് യുവാവിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാകുന്നതിന് തടസമായത്. സ്പീഡ് വര്‍ദ്ധിക്കുമ്പോള്‍ ഇളകാതിരിക്കാനായുള്ള രൂപകല്‍പനയാണ് ഹെല്‍മെറ്റ് ഊരി മാറ്റുന്നതിന് തടസമായത്. രോഹിത്തിന്റെ ബൈക്കിടിയേറ്റ ഒരാള്‍ക്ക് ഗുരുതര പരുക്ക് ഉണ്ട്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായി തകര്‍ന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam