വധൂ​ഗൃഹത്തിലേക്ക് പോയത് ജെസിബിയിൽ: വ്യത്യസ്തമായി ഒരു വിവാഹയാത്ര

By Web DeskFirst Published Jun 20, 2018, 6:36 PM IST
Highlights
  • വധൂ​ഗൃഹത്തിലേക്ക്  ജെസിബിയിൽ
  • ഇരിപ്പിടമായത് യന്ത്രക്കൈകൾ

കർണാടക: സാധാരണ വിവാഹം കഴിഞ്ഞ് വധൂവരൻമാർ മടങ്ങുന്നത് കാറിലായിരിക്കും. ന്യൂജെൻ വിവാഹങ്ങളുടെ കാലമായത് കൊണ്ട് ചിലപ്പോൾ കുതിരപ്പുറത്തോ ആനപ്പുറത്തോ സൈക്കിളിലോ ബൈക്കിലോ ഒക്കെയാകാം. എന്നാൽ കർണാടകയിൽ‌ വിവാഹം കഴിഞ്ഞ് വധുവരൻമാർ സഞ്ചരിച്ചത് ജെസിബിയിലാണ്. ​ഡ്രൈവിം​ഗ് സീറ്റിലാണ് ഇരുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി, ജെസിബിയുടെ വമ്പൻ യന്ത്രക്കൈയ്ക്കുള്ളിലായിരുന്നു ഇവരുടെ യാത്ര!

കർണാടക സ്വദേശിയായ ചേതനും വധു മമതയുമാണ് യാത്ര ചെയ്യാൻ ജെസിബി തെരഞ്ഞെടുത്തത്. വർഷങ്ങളായി ജെസിബി ഡ്രൈവറായി ജോലി ചെയ്യുകയാണ് ചേതൻ. ഇയാളുടെ സുഹൃത്തുക്കൾ തന്നെയാണ് ഇത്തരമൊരു ആശയം ചേതനുമായി പങ്ക് വച്ചത്. വർഷങ്ങളായി തനിക്കൊപ്പമുള്ള പ്രിയപ്പെട്ട വാഹനം തന്നെയാകട്ടെ തന്റെ വിവാഹവാഹനം എന്ന് ചേതനും തീരുമാനിച്ചു. 

എന്നാൽ വധുവായ മമതയ്ക്ക് ജെസിബിയിൽ കയറാൻ പേടിയായിരുന്നുവെന്ന് ചേതൻ പറയുന്നു. എന്നാൽ താൻ വർഷങ്ങളായി ജോലി ചെയ്യുന്ന മെഷീനാണിതെന്ന് പറഞ്ഞാണ് മമതയെ ചേതൻ‌ ജെസിബിയിൽ കയറ്റിയത്. എന്നാൽ ‍ഡ്രൈവിം​ഗ് സീറ്റിലല്ല ഇവർ രണ്ടുപേരും ഇരുന്നത്. ജെസിബിയുടെ യന്ത്രക്കൈയുടെ ഉള്ളിലാണ് സുഹൃത്തുക്കൾ ഇവർക്ക് ഇരിപ്പിടമൊരുക്കിയത്. ജെസിബി തെരഞ്ഞെടുക്കാൻ മറ്റൊരു കാരണം കൂടിയുണ്ടെന്ന് ചേതൻ പറയുന്നു. കാറിലും കുതിരപ്പുറത്തും ഇരിക്കുന്നതിനേക്കാൾ ആത്മവിശ്വാസം ജെസിബിയിൽ ഇരിക്കാനാണത്രേ. വീട്ടിലേക്ക് പോകാൻ മറ്റൊരു വാഹനവും ഉണ്ടായിരുന്നില്ല. കല്യാണം നടന്ന ഹാൾ‌ മുതൽ വധുവിന്റെ വീട് വരെ ഇവർ സഞ്ചരിച്ചത് ഈ വാഹനത്തിലായിരുന്നു. 

click me!