15 വര്‍ഷമായി പൊലീസ് അന്വേഷിച്ചിരുന്ന പ്രതിയെ വാഷിങ് മെഷീനില്‍ നിന്ന് പിടികൂടി

By Web DeskFirst Published Dec 27, 2017, 5:54 PM IST
Highlights

മുംബൈ: 15 വര്‍ഷമായി പൊലീസ് അന്വേഷിച്ചുവരികയായിരുന്ന പ്രതിയെ ഒടുവില്‍ സ്വന്തം വീട്ടിലെ വാഷിങ് മെഷീനിനുള്ളില്‍ നിന്ന് പിടികൂടി. കോളേജില്‍ അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് പേരില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം വാങ്ങി കബളിപ്പിച്ചെന്ന കേസില്‍ പ്രതിയായ 54 വയസുകാരനാണ് പിടിയിലായത്. 2002ലാണ് ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പൂനെയില്‍ ഒരു കോടിയുടെ മറ്റൊരു തട്ടിപ്പ് കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ട പലരും സുഖമായി നാട്ടിലിറങ്ങി നടക്കുന്നുണ്ടെന്നും ഇവരെ പിടികൂടണമെന്നുമുള്ള നിര്‍ദ്ദേശം അടുത്തിടെ മുംബൈ പൊലീസ് കമ്മീഷണര്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പഴയ പ്രതികളെ തപ്പിയിറങ്ങിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തെ പക്ഷേ പ്രതിയുടെ ഭാര്യ തടഞ്ഞു. മൂന്ന് മണിക്കൂറോളം ഇവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരുന്നെങ്കിലും പിന്നീട് അനുനയിപ്പിച്ച് പൊലീസ് സംഘം അകത്തുകടക്കുകയായിരുന്നു. എന്നാല്‍ വീട് മുഴുവന്‍ പരതിയിട്ടും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തെരച്ചില്‍ അവസാനിപ്പിച്ച് മടങ്ങാന്‍ തുടങ്ങുന്നതിനിടെ വാഷിങ് മെഷീനിലെ തുണികള്‍ മാറ്റി നോക്കിയപ്പോഴാണ് അതിനകത്ത് നിന്ന് പ്രതിയെ കിട്ടിയതെന്ന് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചു. ഉദ്ദ്യോഗസ്ഥരുടെ ഔദ്ദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് ഇയാളുടെ ഭാര്യക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

click me!