കട്ടപ്പനയില്‍ 'മനിതി' സംഘത്തിന്‍റെ വാഹനം തടയാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമം; അറസ്റ്റ് ചെയ്ത് നീക്കി

By Web TeamFirst Published Dec 23, 2018, 12:32 AM IST
Highlights

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. തമിഴ്നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിർത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു

ഇടുക്കി: ശബരിമലയില്‍ പ്രവേശിക്കുമെന്ന പ്രഖ്യാപനത്തോടെ തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ യുവതികള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘം യാത്ര തുടരുകയാണ്. അതേസമയം മനിതി പ്രവര്‍ത്തകര്‍ വിവിധ സംഘങ്ങളായി കേരളത്തില്‍ പ്രവേശിച്ചുകഴിഞ്ഞു.

ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന  പ്രതിഷേധം മറികടന്നാണ് റോഡ് മാര്‍ഗം പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തിൽ പ്രവേശിച്ചത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഇവർ കുമളി ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടന്നത്. തമിഴ്നാട്-കേരള പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയുടെ ബലത്തിലാണ് പ്രതിഷേധിക്കാരെ മറികടന്ന് സംഘം കേരളത്തിൽ എത്തിയത്.

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയിൽ നിന്നും പുറപ്പെട്ട തീർത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഈ നീക്കം പൊളിച്ചു. തമിഴ്നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിർത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീർത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോൾ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാർ പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി. 

മനിതി അംഗങ്ങള്‍ കുമളി കമ്പംമേട് വഴി എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഈ പാതയില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. എന്നാൽ‌ കമ്പംമേട്, കട്ടപ്പന, കുട്ടിക്കാനം, മുണ്ടക്കയം വഴിയാണ് സംഘം നീങ്ങുന്നതെന്നാണ് സൂചന. പലസംഘങ്ങായി തിരിഞ്ഞാണ് യുവതികൾ എത്തുന്നതെന്നും സൂചനയുണ്ട്. വാഹനത്തിൽ മൂന്ന് പൊലീസുകാരുണ്ടെന്നും അറിയുന്നു. 

നാല്‍പ്പത് പേരടങ്ങിയ മനിതി സംഘത്തിലെ പതിനഞ്ച് പേർ അന്‍പത് വയസ്സിന് താഴെയുള്ളവരാണെന്നാണ് സൂചന. ഞായറാഴ്ച്ച രാവിലെയോടെ കോട്ടയത്ത് എത്തി അവിടെ നിന്നും പമ്പയിലേക്ക് നീങ്ങാനാണ് ഇവരുടെ പദ്ധതിയെന്നാണ് അറിയുന്നത്.  തമിഴ്നാട് പൊലീസിനോപ്പം കേരള പൊലീസും ഇവർക്ക് അകമ്പടി സേവിക്കുന്നുണ്ട്.

വനിതാ തീര്‍ത്ഥാടകര്‍ റെയില്‍ മാര്‍ഗ്ഗം വരുമെന്നും അങ്ങനെ വന്നാല്‍ ചെന്നൈ എഗ്മോര്‍, സെന്‍ട്രല്‍ സ്റ്റേഷനുകളില്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നും നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് ചെന്നൈയില്‍ നിന്നും ടെന്പോ ട്രാവലറില്‍ വനിതകളുടെ സംഘം പുറപ്പെട്ടത്. 

click me!