മനിതി സംഘം മധുരയില്‍, ഇന്ന് ചെന്നൈയിലേക്ക് പോകും

By Web TeamFirst Published Dec 24, 2018, 6:17 AM IST
Highlights

തേനി-മധുര റൂട്ടിലേക്ക് കടന്നയുടനെ ഇവരുടെ വാഹനത്തിന് ഒരു സംഘം കല്ലെറിഞ്ഞു. അതേസമയം, 11 അംഗ സംഘം മടങ്ങിയ ശേഷം കേരളത്തിലെത്തിയ മൂന്ന് മനിതി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

മധുര: ശബരിമലയിൽ ദര്‍ശനം സാധ്യമാകാതെ മടങ്ങിയ 11 അംഗ മനിതി സംഘം ഇന്ന് ചെന്നൈയിലേക്ക് പോകും. ഇന്നലെ രാത്രി ഇവർ മധുരയിലെത്തിയിരുന്നു. തമിഴ്നാട് പൊലീസിന്‍റെ സുരക്ഷയിലായിരുന്നു യാത്ര. തേനി-മധുര റൂട്ടിലേക്ക് കടന്നയുടനെ ഇവരുടെ വാഹനത്തിന് ഒരു സംഘം കല്ലെറിഞ്ഞു.

അതേസമയം, 11 അംഗ സംഘം മടങ്ങിയ ശേഷം കേരളത്തിലെത്തിയ മൂന്ന് മനിതി അംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും. ഇന്നലെ പത്തനംതിട്ടയിലെത്തിയെങ്കിലും പ്രത്യേക സാഹചര്യത്തിൽ ശബരിമലയിലേക്കില്ലെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കിയിരുന്നു.

ഞായറാഴ്ച്ച ഉച്ചയോടെ കോട്ടയത്ത് എത്തിയ ഇവരെ പാമ്പാടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പത്തനംതിട്ട വനിതാ പൊലീസ് സെല്ലിൽ എത്തിച്ചു. ശബരിമലയിലെ സ്ഥിതിഗതികള്‍ പൊലീസ് ഇവരെ ധരിപ്പിക്കുകയും സെല്‍വി മടങ്ങിയ വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് തങ്ങളും നാട്ടിലേക്ക് മടങ്ങുകയാണെന്ന് യുവതികള്‍ പൊലീസിനെ അറിയിച്ചു. പത്തനംതിട്ടയിൽ വാർത്താ സമ്മേളനം നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടങ്കിലും പൊലീസ് അതും അനുവദിച്ചിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്.

ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്‍റെ പ്രതികരണം. 

click me!