പള്ളി തര്‍ക്കത്തിനിടെ സംഘര്‍ഷം; പൊലീസിന്‍റെ വീഴ്ച്ചയെന്ന് ഭദ്രാസനാധിപന്‍

By Web TeamFirst Published Jan 18, 2019, 9:08 AM IST
Highlights

സംഘർഷം പൊലീസിന്‍റെ വീഴ്ചയെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ്. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. 

തൃശ്ശൂര്‍: തൃശ്ശൂർ മാന്ദാമംഗലം സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷം പൊലീസിന്‍റെ വീഴ്ചയെന്ന് ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ്. സഹനസമരം നടത്തുന്നവര്‍ രാത്രി പത്തരയോടെ പോകാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു കല്ലേറ് ഉണ്ടായത്. കോടതി ഉത്തരവ് നടപ്പാക്കേണ്ട പൊലീസിന്‍റെ വീഴ്ച്ചയാണിത്. കല്ലെറിഞ്ഞവര്‍ സുരക്ഷിതരായിരിക്കുമ്പോള്‍ സഹനസമരം നടത്തുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തു. സഹനസമരം നടത്തിയ 26 പേര്‍ അറസ്റ്റിലാണെന്നും സംഭവത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യൂഹനാൻ മാർ മിലിത്തിയോസ് പറഞ്ഞു.

ഇന്നലെ ഓർത്തഡോക്സ് സഭക്കാർ പള്ളിക്ക് മുന്നിലും യാക്കോബായ സഭക്കാർ പള്ളിക്കകത്തും പ്രാർ‌ത്ഥനായജ്ഞം നടത്തിവരികയായിരുന്നു. രാത്രിയോടെ ഇരുവിഭാഗങ്ങളും തമ്മില്‍ രൂക്ഷമായ കല്ലേറ് നടക്കുകയായിരുന്നു. കല്ലേറിനിടെ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസിന് പരിക്കേറ്റു. പരിക്കേറ്റ പതിനഞ്ചോളം പേരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

30 ഓളം ഓർത്തഡോക്സ് വിഭാഗക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തു. പള്ളിയിൽ നിന്ന് പുറത്തിറങ്ങുന്ന യാക്കോബായ വിഭാഗത്തിലുള്ളവരെ അറസ്റ്റ് ചെയ്തു നീക്കുന്നു. പള്ളിയില്‍ കയറി അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവര്‍ പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് പൊലീസ്. 

പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച കൂടുതൽ വിശ്വാസികൾ പള്ളിയിലേക്കെത്തും എന്ന കണക്കുകൂട്ടലിൽ കൂടുതൽ സേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.

click me!