പാര്‍ലമെന്റിന്‍റെ സുരക്ഷാ വിഡിയോ സോഷ്യല്‍ മീഡിയയിലിട്ടതില്‍ സഭ സ്തംഭിച്ചു; എംപി മാപ്പു പറഞ്ഞു

By Asianet newsFirst Published Jul 22, 2016, 1:47 AM IST
Highlights

ദില്ലി: അതീവ സുരക്ഷാ മേഖലയായ പാര്‍ലമെന്റിലെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച ആം ആദ്മി പാര്‍ട്ടി എംപി ഭഗവന്ത് മന്നിനെതിരെ നടപടി ആവശ്യപ്പെട്ടു പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം. ലോക്‌സഭയും രാജ്യയും തടസപ്പെട്ടു. ഭഗവന്ത് മന്നിനെ നടപടി സ്വീകരിക്കുമെന്നു സ്പീക്കര്‍ സുമിത്രാ മഹാജന്‍ ലോക്‌സഭയെ അറിയിച്ചു.
 
സുരക്ഷാഗേറ്റുകള്‍ കടന്നു പാര്‍ലമെന്റിന് അകത്തേക്കുള്ള വിഡിയോ ദൃശ്യങ്ങളാണ് ആം ആദ്മി പാര്‍ടി എംപി ഭഗവന്ത് മന്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചത്. ഇതുവരെ നിങ്ങളാരും കാണാത്ത ദൃശ്യങ്ങള്‍ എന്ന സ്വന്തം വിവരണത്തോടെയായിരുന്നു ഭഗവന്ത് വന്‍ പാര്‍ലമെന്റ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭഗവന്ത് മന്നിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബിജെപി പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വെച്ചു.

ഭഗവന്ത് മന്നിനെതിരെ അവകാശ ലംഘത്തിനടക്കം 13 നോട്ടീസ് കിട്ടിയിട്ടുണ്ടെന്നുപറഞ്ഞ സ്പീക്കര്‍ സുമിത്ര മഹാജന്‍, വിഷയം ഗൗരവമേറിയതാണെന്ന് വ്യക്തമാക്കി. ഉചിതമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.

വിഡിയോ പുറത്തുവിട്ട നടപടിയില്‍ ഭഗവന്ത് മന്‍ മാപ്പു പറഞ്ഞു. എന്നാല്‍ മന്നിനെ സഭയില്‍നിന്നു സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം  തുടര്‍ന്നതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇതേ വിഷയത്തില്‍ രാജ്യസഭാ നടപടികളും പ്രക്ഷുബ്ധമായി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുന്നതിനു പകരം കേന്ദ്ര സര്‍ക്കാര്‍തന്നെ പാര്‍ലമെന്റ് പ്രക്ഷുബ്ധമാക്കുകയാണെന്നു സിപിഎം ജന.സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി.

ഭഗവന്ത് മന്നിനെതിരെ നിയമനടപടിക്കു സ്പീക്കര്‍ അനുമതി നല്‍കിയേക്കുമെന്നാണു സൂചന. ദളിത് പീഡന വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണു  ഭഗവന്ത് മന്‍ വിഷയം ബിജെപിക്ക് വീണുകിട്ടിയത്. രാവിലെ ഇരുസഭകളിലും തുടക്കത്തില്‍ തന്നെ ബി.ജെ.പി അക്കാര്യം ഉന്നയിക്കുകയും ചെയ്തു.

click me!