
റിയോ: ഒളിംപിക്സിന് രണ്ടാഴ്ച മാത്രം ശേഷിക്കെ ബ്രസീലിൽ തീവ്രവാദ ആക്രമണം നടത്താൻ പദ്ധതിയിട്ട 10 പേർ അറസ്റ്റിലായി. പിടിയിലായവർ എല്ലാവരും ബ്രസീൽ സ്വദേശികളാണ്. ഇവർക്ക് ഏതെങ്കിലും തീവ്രവാദിസംഘടനകളുമായി ബന്ധമില്ലെന്നും അതേസമയം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് ബ്രസീൽ സർക്കാർ വ്യക്തമാക്കി.
റിയോ ഒളിംപിക്സ് പടിവാതിൽക്കലെത്തി നിൽക്കെ സിക വൈറസ് ഭീതി കൂടാതെ ബ്രസീലിന് ഒരു തലവേദന കൂടിയായി. ഒളിന്പിക്സിനിടെ ആക്രമണം നടത്താൻ പദ്ധതിയിട്ട പത്ത് പേരാണ് പൊലീസ് പിടിയിലായത്. ഒളിന്പിക്സിനിടെ ഭീകരാക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതി.
അതിനായി ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയായിരുന്നു. ബ്രസീലിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. അറസ്റ്റിനെത്തുടർന്ന് ബ്രസീൽ മന്ത്രിസഭയുടെ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടരായ ഇവരിൽ പലർക്കും പരസ്പരം നേരിട്ട് അറിയില്ലായിരുന്നുവെന്നും ഇന്‍റർനെറ്റ് ആശയവിനിമയങ്ങളിലൂടെയാണ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നും ബ്രസീൽ അലക്സാന്ദ്രേ ദേ മൊറേസ് പറഞ്ഞു.
എന്നാൽ ഇവർക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സംഘത്തിലെ ചിലർ അടുത്തിടെ അയൽരാജ്യമായ പരഗ്വേയിലെ ഒരു ആയുധവിപണി സന്ദർശിച്ചിരുന്നതായും എകെ 47 തോക്കുകൾ സംഘടിപ്പിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു.കൂടുതൽ വിവരങ്ങൾ ബ്രസീൽ പുറത്തുവിട്ടിട്ടില്ല.
അതേസമയം ഒളിംപിക്സിന് ഭീഷണിയൊന്നും ഇല്ലെന്നും സുരക്ഷ ശക്തമാണെന്നും അലക്സാന്ദ്രേ ദേ മോറേസ് പറഞ്ഞു. കനത്ത സുരക്ഷാസന്നാഹമാണ് ഒളിന്പിക്സിനായി ബ്രസീലിൽ വിന്യസിച്ചിരിക്കുന്നത്. പൊലീസും സൈന്യവുമടങ്ങുന്ന എൺപതിനായിരം വരുന്ന സേനയുടെ നിയന്ത്രണത്തിലാണ് റിയോ ഡി ജനീറോയിലെ ഓരോ തെരുവും. 24 ദശലക്ഷം അമേരിക്കൻ ഡോളർ കൂടി ഒളിന്പിക്സ് സുരക്ഷക്കായി അനുവദിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചിരുന്നു.
റിയോ ഡി ജനീറോ ബാലാരിഷ്ടതകൾ അതിജീവിച്ചതായും 2016 ഒളിംപിക്സിനായി ലോകത്തെ വരവേൽക്കാൻ സുസജ്ജമാണെന്നും അന്താരാഷ്ട്ര ഒളിന്പിക് കമ്മിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് പുതിയ സംഭവവികാസം. നിരവധി മുൻനിര കായികതാരങ്ങൾ സിക വൈറസ് ബാധയുടെ ഭീഷണിയിൽ ഒളിംപിക്സിൽ നിന്ന് പിൻമാറിയതിനുപിന്നാലെയാണ് തീവ്രവാദി ഭീഷണിയുടെ നിഴലും റിയോക്ക് മേൽ വീഴുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam