
കേരളത്തില്‍ മാവോയിസ്റ്റുകളുടെ സ്വാധീനം വലിയ തോതില്‍ കൂടുന്നതായി കേന്ദ്ര സര്‍ക്കാര്‍. ദക്ഷിണേന്ത്യയില്‍ തെലങ്കാന കഴിഞ്ഞാല്‍ മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ളത് കേരളത്തില്‍ മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.
രാജ്യത്തെ മാവോയിസ്റ്റ് സ്വാധീന മേഖലകള്‍ അടയാളപ്പെടുത്തിയ ഭൂപടം കഴിഞ്ഞ ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. അതീവ സ്വാധീനം, സ്വാധീനം വര്‍ദ്ധിച്ചു വരുന്നത്, കുറഞ്ഞ സ്വാധീനം എന്നിങ്ങനെമുന്നു തരത്തിലാണ് മേഖലകളെ ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജാര്‍ഘണ്ട്, ഛത്തീസ്ഖഡ് എന്നീ സംസ്ഥാനങ്ങളിലാണ് അതീവസ്വാധീന മേഖലകള്‍.
കേരളത്തില്‍ മലപ്പുറം, പാലക്കാട്, വയനാട്,കോഴിക്കോട് ജില്ലകളില്‍ സ്വാധീനം വര്‍ദ്ധിച്ചു വരുന്നതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. ഇതിനു മുമ്പ് 2013 ല്‍ പുറത്തിറക്കിയ
ഭൂപടത്തില്‍ ഈ ജില്ലകള്‍ കുറഞ്ഞ സ്വാധീനമുള്ള മേഖലകളായാണ് രേഖപ്പെടുത്തിയിരുന്നത്.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മലപ്പുറം, പാലക്കാട്, വയനാട് മേഖലകളില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായി സ്വാധീനം വര്‍ദ്ധിച്ചുവെന്നാണ് കണ്ടെത്തല്‍. നിലമ്പൂര്‍ കാടുകളില്‍ ഏററുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ മരിച്ച സംഭവത്തോടെ ഈ മേഖലയിലെ മാവോയിസ്റ്റുകളുടെ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് വീക്ഷിക്കുന്നത്. നിലമ്പൂര്‍, വയനാട് മേഖലകളിലായി പുതുതായി ഒരു ദളം കുടി മാവോയിസ്റ്റുകള്‍ രുപീകരിച്ചതായും വിവരമുണ്ട്. പാലക്കാട് അഗളിയില്‍ ചേര്‍ന്ന മാവോയിസ്റ്റ് യോഗത്തില്‍ വിവിധ ദളങ്ങളില്‍ നിന്നായി 90 ലധികം പേര്‍ പങ്കെടുത്തതായും ആഭ്യന്തര വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ മാവോയിസ്റ്റ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam