
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേലേ മുണ്ടേരിയിലെത്തിയ മൂന്നംഗ സംഘം വീടുകളിൽ നിന്ന് അരിയും പച്ചക്കറികളും കൈവശപ്പെടുത്തിയാണ് മടങ്ങിയത്. ജനവാസ മേഖലയായ മേലേ മുണ്ടേരിയിൽ ഇന്നലെ രാത്രി ഏഴ് മണിക്കാണ് മാവോയിസ്റ്റുകളെത്തിയത്.
തോക്കുകളും കൈവശമുണ്ടായിരുന്നു. പോസ്റ്ററുകൾ ഒട്ടിച്ചും ലഘുലേഖകൾ വിതരണം ചെയ്തും ഒരു മണിക്കൂറിലേറെ ഈ സംഘം മുണ്ടേരിയിൽ ചെലവഴിച്ചു. സർക്കാർ മുന്നോട്ടു വെച്ച കീഴടങ്ങൽ പാക്കേജുമായി സഹകരിക്കില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ലഘുലേഖകൾ.
തുടർന്ന് മൂന്ന് വീടുകളിൽ നിന്നായി അരിയും പച്ചക്കറിയും മാവോയിസ്റ്റ് സംഘം ശേഖരിച്ച ശേഷമാണ് മടങ്ങിയത്. വർഷങ്ങളായി പൊലീസ് തിരയുന്ന വിക്രംഗൗഡ, സന്തോഷ്, ഉണ്ണിമായ എന്നിവരാണ് എത്തിയതെന്ന് നാട്ടുകാർ നൽകിയ സൂചനയിൽ നിന്ന് വ്യക്തമായിട്ടുണ്ട്.
അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി വ്യക്തക്കി. ഒരു മാസത്തിനിടെ നിലമ്പൂരിന് സമീപമുള്ള മരുത, തണ്ണിക്കടവ്, പുഞ്ചക്കൊല്ലി ആദിവാസി കോളനികളിൽ പലതവണ മാവോയിസ്റ്റുകളെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam