രാജ്യത്ത് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന ജില്ലകളില്‍ മലപ്പുറവും

By Web DeskFirst Published Feb 17, 2018, 3:36 PM IST
Highlights

ദില്ലി: രാജ്യത്ത് മാവോയിസ്ററ്  ഭീഷണി നേരിടുന്ന  ജില്ലകളുടെ പട്ടികയിലേക്ക് മലപ്പുറവും. പത്ത് സംസ്ഥാനങ്ങളിലായി 106 ജില്ലകളാണ് മാവോയിസ്റ്റ് ഭീഷണി നേരിടുന്ന  പ്രദേശങ്ങലായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മാവോയിസ്ററ് ഭീഷണി നേരിടുന്ന ജില്ലകളുടെ കൂട്ടത്തിലുള്‍പ്പെടുത്താന്‍  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് മലപ്പുറം  ഉള്‍പ്പെട്ടിരിക്കുന്നത്.

2013 മുതല്‍ ജില്ലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം സജീവമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്  ശുപാര്‍ശ. മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കുന്ന ഫണ്ട് ഇതോടെ കേരളത്തിനും ലഭിക്കും. മാവോയിസ്റ്റ് ആക്രമണത്തില്‍ അപകടത്തില്‍ പെടുന്നവരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള പണവും  ലഭിക്കും.

2016 നവംബറില്‍ കരുളായി വനത്തില്‍ വെച്ചുണ്ടായ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജും  അജിതയും മരിച്ചിരുന്നു. ഇതിനു മുന്‍പ് സെപ്തംബര്‍ മാസത്തില്‍ മുണ്ടക്കടവ് കോളനിക്ക് സമീപത്ത് മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ജീപ്പില്‍ വെടികൊണ്ടിരുന്നു.

2014 ല്‍  നാടുകാണിദളം രൂപീകരിച്ചതോടെയാണ് മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനങ്ങല്‍ മാവോയിസ്റ്റ് വേരുകള്‍ ശക്തമാക്കിയത്. 2015 ഡിസംബര്‍ മാസത്തില്‍ പൂക്കോട്ടും പാടം ടികെ കോളനിയിലെ വനംഔട്ട് പോസ്റ്റിന് നേരെ ആക്രമണമുണ്ടായിരുന്നു. മാവോയിസ്റ്റ് ഭീഷണി കണക്കിലെടുത്ത് നിലമ്പുരില്‍ ഒരു പൊലീസ് സബ്ഡിവിഷന്‍ രുപീകരിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍  ആലോചിക്കുന്നുണ്ട്.

click me!