കുമ്മനത്തിന് പിന്തുണയുമായി മാര്‍ ആലഞ്ചേരി; മിസോറാമിലെ ബിഷപ്പിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു

By Web DeskFirst Published Jun 19, 2018, 2:38 PM IST
Highlights
  • കുമ്മനത്തിന് പിന്തുണയുമായി അലഞ്ചേരി
  • മിസോറാമില്‍ കുമ്മനത്തിനെതിരെ പ്രാദേശിക പ്രശ്നങ്ങള്‍
  • സഹകരിക്കണമെന്ന് മിസോറാം കത്തോലിക്ക ബിഷപ്പിനോട് ആവശ്യപ്പെട്ടു

കൊച്ചി: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ മിസോറാമില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ കുമ്മനത്തിന് പിന്തുണയുമായി സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് മാര്‍ ആലഞ്ചേരി രംഗത്തെത്തി. കേരളത്തിലെത്തിയ മിസോറാം ഗവര്‍ണറെ എറണാകുളം ഗസ്റ്റ് ഹൗസിലെത്തി ബിഷപ് കൂടിക്കാഴ്ച നടത്തി.

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് എതിരെ നിലനിൽക്കുന്നത് പ്രാദേശിക പ്രശ്നങ്ങൾ മാത്രമാണ്. സഭയുമായി സൗഹൃദം പുലർത്തുന്ന വ്യക്തി ആണ് കുമ്മനം രാജശേഖരൻ. മിസോറാമിലെ ക്രിസ്ത്യൻ ജന വിഭാഗങ്ങൾ ഒന്നിച്ചു നിന്നാൽ കുമ്മനതിനു എതിരായ പ്രശ്നങ്ങൾ അവസാനിക്കും . ക്രിസ്ത്യൻ ജന വിഭാഗം ഒന്നിച്ചു നിന്നാൽ കുമ്മനതിനു എതിരെ ഒരു നീക്കവും ഉണ്ടാകില്ല. ഇക്കാര്യം മിസോറാമിലെ കാത്തോലിക് ബിഷപ്പുമായി താൻ സംസാരിച്ചുവെന്നും കുമ്മനവുമായി സഹകരിച്ചു പ്രവർത്തിക്കണം എന്ന് ആവശ്യപ്പെട്ടതായും ആലഞ്ചേരി പറഞ്ഞു. സന്ദർശനം സൗഹാർദ്ദ പരം എന്നും ആലഞ്ചേരി വ്യക്തമാക്കി.

മിസോറാമിലെ പ്രാദേശിക രാഷ്ട്രീയ സംഘടനയാണ് കുമ്മനത്തിനെതിരെ രംഗത്ത് വന്നിരുന്നത്. ഗവര്‍ണര്‍ നിയമനത്തിനെതിരെ വിവിധ ക്രൈസ്തവസംഘടനകളേയും രാഷ്ട്രീയ പാര്‍ട്ടികളെയും എന്‍ജിഒകളേയും സമീപിച്ചിരിക്കുകയാണ് പ്രിസം എന്ന സംഘടന. കേരളത്തിലെ ബിജെപിയുടെ പ്രസിഡന്‍റ് എന്ന നിലയ്ക്ക് പുറമെ ആര്‍എസ്എസ് നേതാവ് എന്ന നിലയിലും വിശ്വഹിന്ദു പരിഷത്ത് നേതാവ് എന്ന നിലയിലും സജീവപ്രവര്‍ത്തകനാണെന്നും പ്രിസം ആരോപിക്കുന്നു.

click me!