
അട്ടപ്പാടി: അട്ടപ്പാടി, അഗളി സര്‍ക്കാര്‍ യുപി സ്കൂളില്‍ ആദിവാസി വിഭാഗത്തിലെ കുട്ടികളോട് ജാതി വിവേചനം. ആദിവാസി വിഭാഗം കുട്ടികളെ പ്രത്യേകം ക്ലാസ് മുറികളിലാക്കി ഇരുത്തുകയും പ്രത്യേക പരീക്ഷ നടത്തുകയുമാണ് ഇവിടെ. പഠിപ്പിക്കാനെത്തുന്നത് ദിവസ വേതനക്കാരായ അധ്യാപകര്‍ മാത്രമെന്നും പരാതിയുണ്ട്. സ്കൂളിലെ അധ്യാപക നിയമനത്തില്‍ ക്രമക്കേട് ഉണ്ടെന്ന പരാതി അന്വേഷിച്ച വിജിലന്‍സ് സംഘമാണ് കുട്ടികളോട് വിവേചനം കാണിക്കുന്നതായി കണ്ടെത്തിയത്.
വിജിലന്‍സ് സംഘം സ്കൂള്‍ പരിശോധിച്ച് കുട്ടികളുടെ മൊഴിയെടുത്തു. ബോധ്യപ്പെട്ട വിവരങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനൊരുങ്ങുകയാണ് വിജിലന്‍സ്. എന്നാല്‍ വിവേചനം കാണിച്ചിട്ടില്ലെന്നും പഠനത്തില്‍ പിന്നോക്കമുള്ള കുട്ടികളെ മാറ്റിയിരുത്തിയത് മാത്രമാണെന്നാണ് സ്കൂള്‍ എച്ച്എം ന്‍റെ വിശദീകരണം. അഗളി സര്‍ക്കാര്‍ യു പി സ്കൂളില്‍ അഞ്ച് മുതല്‍ ഏഴ് വരെ ഓരോ ക്ലാസിനും ഉള്ളത് അഞ്ച് ഡിവിഷന്‍ വീതമാണ്. എ, ബി, സി എന്നിങ്ങനെ ആദ്യ മൂന്ന് ഡിവിഷനിലും ആകെ കുട്ടികള്‍ 27 ഉം , 28 ഉം. ഇതില്‍ 24 ഉം ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍. ബാക്കിയുള്ളവര്‍ മുസ്ലിം വിഭാഗവും.
അഞ്ചാമത്തെ ഡിവിഷനില്‍ 64 കുട്ടികളാണ് ഉള്ളത്. ഇതില്‍ 57 ഉം മറ്റ് വിഭാഗങ്ങളിലെ കുട്ടികള്‍. അഞ്ച് ഡിവിഷനുകള്‍ ഉള്ളപ്പോഴും, കുട്ടികളുടെ എണ്ണം തുല്യമാക്കാതെ ജാതി തിരിച്ച് ക്ലാസുകളില്‍ ആക്കിയിരിക്കുന്നു. ആറാം ക്ലാസിലെ മൂന്ന് ഡിവിഷനുകളില്‍ ആദിവാസി വിഭാഗം കുട്ടികളാണ് ഭൂരിഭാഗത്തിലധികം എന്നാല്‍ എസ്‍റ്റി വിഭാഗം ഒരു കുട്ടി പോലും ഇല്ലാത്ത ഒരു ഡിവിഷനും ആറാം ക്ലാസിന് ഉണ്ട്. ഏഴാം ക്ലാസിലും ഇതേ സമാനമായ രീതിയില്‍ കുട്ടികളെ തരംതിരിച്ചിരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam