പട്ടിക ജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വക ചതിക്കുഴി; വീട് വെയ്ക്കാന്‍ നല്‍കിയത് ചതുപ്പ് നിലം

By Web DeskFirst Published Oct 10, 2016, 5:48 AM IST
Highlights

കൊച്ചി കേര്‍പ്പറേഷനിലെ ഭവനരഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ വാങ്ങി നല്‍കിയതു നിലമാണെന്ന വിവരത്തെത്തുടര്‍ന്നാണ് ഞങ്ങള്‍ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ചത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേര്‍ന്ന് നടത്തിയ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങളാണ്. 2015 ഡിസംബറിലാണ് ഭവന രഹിതരായ 21 കുടുംബങ്ങള്‍ക്ക് ചേര്‍ത്തല നഗരസഭാ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ രണ്ടു സെന്റ് സ്ഥലം ലഭിച്ചത്. പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിച്ചത് അരക്കോടിയോളം രൂപയായിരുന്നു. സെന്റിന് ഒന്നരലക്ഷം രൂപ മുടക്കി വാങ്ങിയ സ്ഥലം വാസയോഗ്യമാണെന്ന് ഉറപ്പ് വരുത്തിയെന്ന് പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പട്ടികജാതി വികസന ഓഫീസര്‍ ഷാജഹാന്‍ പറയുന്നു. 45 സെന്റ് വീട് വെയ്‌ക്കാന്‍ പറ്റിയ സ്ഥലമാണെന്ന് വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും എഴുതി തന്നിട്ടുണ്ടെന്നും അല്ലാതെ ഞങ്ങള്‍ വിതരണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നാളെ ഒരു ഗുണഭോക്താവ് അവിടെ വീട് വെയ്‌ക്കാന്‍ പറ്റില്ലാന്ന് പറഞ്ഞാല്‍ ഞാന്‍ സമാധാനം പറയണമെന്നും അദ്ദേഹം പറയുന്നു.

സെന്റിന് ഒന്നര ലക്ഷം രൂപാ മുടക്കി ഇടനിലക്കാരും കോര്‍പ്പറേഷനിലെ ഫിനാന്‍സ് വിഭാഗവും പട്ടിക ജാതി വികസന ഓഫീസും ചേര്‍ന്ന് വാങ്ങിയ ചേര്‍ത്തലയിലെ സ്ഥലത്തേക്ക് പോയി നോക്കിയാല്‍ മനസിലാവും ഇതിന്റെ യാഥാര്‍ത്ഥ്യം. പതിനൊന്നാം മൈല്‍ റെയില്‍വേ ക്രോസ് കടന്ന് മുന്നോട്ടെത്തുന്ന സ്ഥലത്താണ് ഈ വസ്തു. ഒന്നര ലക്ഷം രൂപാ നല്‍കി കൊച്ചി കോര്‍പ്പറേഷന്‍ ഈ ചതുപ്പ് നിലം വാങ്ങിയത്. സെന്റിന് മുപ്പതിനായിരം രൂപയ്‌ക്കാണ് സ്ഥലം വിറ്റതെന്ന് പരസര വാസികള്‍ പറയുന്നു. കൃഷി ചെയ്യുന്ന പാടമായിരുന്നെന്നും ഇപ്പുറത്തൊരു ചകിരിക്കുളമായിരുന്നും അവര്‍ ഞങ്ങളോട് പറഞ്ഞു. തൊണ്ടും ഓലയുമൊക്കെ അഴുകാനിടുന്ന സ്ഥലത്ത് മായിരുന്നു.പൂഴിയിറക്കി നിരത്തിയ ശേഷം വില്‍ക്കുകയായിരുന്നു. ഇത് ശരിവെയ്ക്കുന്ന വെളിപ്പെടുത്തലാണ് ഒരു ഇടനിലക്കാരന്‍ നടത്തിയത്. സെന്റിന് 32000 രൂപയ്‌ക്കാണ് വിറ്റതെന്നും ഇതിനകത്തു പലര്‍ക്കും വസ്തു ഇല്ല.വെറുതെ ഒരു ആധാരം മാത്രമേ ഉള്ളൂവെന്നും ഇടനിലക്കാരന്‍ പറഞ്ഞു. ആധാരം മാത്രം ചെയ്യിച്ചിരിക്കുകയാണ്. വഴിയുടെ സ്ഥലം വരെ ആധാരം ചെയ്ത് കൊടുത്തിട്ടുണ്ട്. വലിയ അഴിമതിയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പരിസരവാസികള്‍ നല്‍കിയ സൂചനയനുസരിച്ച് വില്ലേജ് രേഖകള്‍ തേടി ഞങ്ങള്‍ ചേര്‍ത്തല വടക്ക് വില്ലേജ് ഓഫീസിലെത്തി. നിലമായതിനാല്‍ ഈ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് വില്ലേജ് ഓഫീസര്‍ തുറന്ന് പറഞ്ഞു. സ്ഥലം ലഭിച്ച ഗുണഭോക്താക്കളെ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെയും ഇടനിലക്കാരെയും ഭയന്ന് അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. ഇവര്‍ക്കു വീട് വെയ്‌ക്കാന്‍ 3 ലക്ഷം രൂപയും പട്ടികജാതി വകുപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ നിലംനികത്തുഭൂമിയായതിനാല്‍ ചേര്‍ത്തല നഗരസഭയും അനുമതി നിഷേധിച്ചതോടെ ഫണ്ട് ലാപ്സാകുമെന്ന നിലയാണ്. പട്ടിക ജാതി വിഭാഗങ്ങളുടെ പുരോഗതിക്കായി സര്‍ക്കാര്‍ അനുവദിക്കുന്ന പണം എങ്ങനെ നഷ്‌ടമാകുന്നു എന്നതിന്റെ ഉദാഹരണമാണ് കൊച്ചി കോര്‍പ്പറേഷനിലെ ഈ ഭൂമി തട്ടിപ്പ്.

റിപ്പോര്‍ട്ട്: വിമല്‍ ജി നാഥ്

click me!