മാർത്താണ്ഡം കായലിലെ കയ്യേറ്റം; തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ തലത്തിൽ ശ്രമം

By Web DeskFirst Published Sep 16, 2017, 10:13 AM IST
Highlights

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനി മാര്‍ത്താണ്ഡം കായലില്‍ നടത്തിയ ഗുരുതര നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയ കുട്ടനാട് തഹസില്‍ദാറുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയതിന് പിന്നാലെ റവന്യു ഉദ്യോഗസ്ഥര്‍ തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ ഏഷ്യാനെറ്റ്ന്യൂസിന് കിട്ടി. ഇക്കഴിഞ്ഞ നിയസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി തോമസ് ചാണ്ടിയെ കുറ്റവിമുക്തനാക്കിയ അതേ ദിവസമാണ് കുട്ടനാട് എല്‍ആര്‍ തഹസില്‍ദാര്‍ മാര്‍ത്താണ്ഡം കായലുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ട് ആലപ്പുഴ കളക്ടര്‍ക്ക് കൈമാറിയത്.

സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും നികത്തിയെന്നും എത്രയും പെട്ടെന്ന് ഏറ്റെടുത്തില്ലെങ്കില്‍ നിര്‍മ്മാണം നടക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വില്ലേജോഫീസറുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചായിരുന്നു എല്‍ആര്‍ തഹസില്‍ദാറുടെ ഈ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഓഗസ്ത് മാസം 17 നായിരുന്നു തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങള്‍ നിയമസഭയില്‍ വലിയ കോലാഹലമുണ്ടാക്കിയത്. അന്നേ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് മന്ത്രി ഒരു നിയമലംഘനവും നടത്തിയില്ലെന്നും രാഷ്‌ട്രീയ പ്രേരിതമായ ആരോപണം മാത്രമാണെന്നുമായിരുന്നു.

മുഖ്യമന്ത്രി ഇത്ര ആധികാരികമായി നിയമസഭയിലിത് പറഞ്ഞത് എന്ത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. അതറിയാനാണ് മാര്‍ത്താണ്ഡം കായലുള്‍പ്പെടുന്ന കുട്ടനാട് താലൂക്ക് ഓഫീസിലേക്ക് ഞങ്ങളെത്തിയത്. മാര്‍ത്താണ്ഡം കായലിലെ അനധികൃത നികത്തുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടു. മന്ത്രി തോമസ് ചാണ്ടി ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട് ചെയ്ത 2011 ലെ തഹസില്‍ദാറുടെ റിപ്പോര്‍ട്ട് ഒഴികെ മുഴുവന്‍ ഫയലുകളും ഞങ്ങള്‍ക്ക് കിട്ടി.

മാര്‍ത്താണ്ഡം കായലില്‍ അനധികൃത നിലംനികത്ത് സംബന്ധിച്ച് ഇക്കഴിഞ്ഞ മെയ് മാസം 24-ാം തീയ്യതി  കൈനകരി പഞ്ചായത്തംഗം ബികെ വിനോദ് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി. മെയ് 26 ന് കൈനകരി വടക്ക് വില്ലേജോഫീസര്‍ കുട്ടനാട് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. വില്ലേജോഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു. ഒന്നരമീറ്റര്‍ വീതിയിലുള്ള സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ചഭൂമിയും നികത്തിയ നിലയിലാണ്. ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ സാധ്യതയുള്ളതിനാല്‍ അടിയന്തരമായി സര്‍വ്വേയറുടെ സഹായത്തോടെ ഭൂമി വേര്‍തിരിച്ച് നടപടി സ്വീകരിക്കണം.

എന്നാല്‍ വില്ലേജോഫീസറുടെ ഈ റിപ്പോര്‍ട്ടിന്റെ സൂചന പ്രകാരം കുട്ടനാട് എല്‍ആര്‍ തഹസില്‍ദാര്‍ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട് കാണുക. വില്ലേജോഫീസറുടെ പ്രധാനപ്പെട്ട കണ്ടെത്തലുകളൊന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടിലില്ല. ഒന്നരമീറ്റര്‍ വീതിയിലുള്ള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയെക്കുറിച്ചോ തോമസ്ചാണ്ടി നികത്തിയ സര്‍ക്കാര്‍ മിച്ചഭൂമിയെക്കുറിച്ചോ നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ സാധ്യതയുണ്ടെന്നതിനെക്കുറിച്ചോ ഒന്നും പറയാതെയുള്ള റിപ്പോര്‍ട്ട്. ബിടിആര്‍ പ്രകാരം പുരയിടം എന്ന് രേഖപ്പെടുത്തിയ ഭൂമിയിലാണ് മണ്ണ് നിക്ഷേപിച്ചതെന്നും കൃഷിനിലത്തില്‍ മണ്ണ് നിക്ഷേപിച്ചിട്ടില്ലെന്നും മാത്രം പറഞ്ഞുവെക്കുന്ന ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം 17-ാം തീയ്യതി ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നല്‍കി.

ഇതേ ദിവസമാണ് തോമസ് ചാണ്ടി ഒരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറയുന്നത്. മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയെന്ന 2011 ലെ തഹസില്‍ദാറുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും പറയാതെ യഥാര്‍ത്ഥ വസ്തുകള്‍ മറച്ചുവെച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട്. 2017 ല്‍ നികത്തിനെക്കുറിച്ച് പരാതി കിട്ടിയപ്പോള്‍ 2011 ലെ പഴയ ഫയല്‍ അനക്കാതെ 2017 ല്‍ പുതിയ ഫയല്‍ തുടങ്ങുകയായിരുന്നു കുട്ടനാട് താലൂക്ക് ഓഫീസില്‍ ചെയ്തത്.

click me!